2023 | ഫെബ്രുവരി 24 | വെള്ളി | 1198 | കുംഭം 12 |
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
വാർത്തകൾ
ക്ഷേമ പെൻഷൻ വിതരണം പുനരാരംഭിക്കാൻ സർക്കാർ. വെള്ളിയാഴ്ച മുതൽ പെൻഷൻ വിതരണം ചെയ്യും.
2022 ഡിസംബർ മാസത്തെ ക്ഷേമ പെൻഷനാണ് വെള്ളിയാഴ്ച മുതൽ നൽകുക. സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് ലഭ്യമായ വായ്പ ഉപയോഗിച്ചാണ് പെൻഷൻ വിതരണം.
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് രവീന്ദ്രന് ഇഡി സമൻസ് അയച്ചു. സി എം രവീന്ദ്രനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്ന ആരോപണം ശക്തമായിരിക്കെയാണ്എൻഫോഴ്‌സ്‌മെന്റിന്റെ നടപടി.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ ആരോപിച്ചു. രാജ്ഭവനിൽ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപാണ് അദ്ദേഹത്തിന്റെ പരാമർശം.
മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. രക്ഷപ്പെടാൻ മുകൾനിലയിൽനിന്ന് ചാടിയ മകൻ വീനീഷിനെയും (30) താഴത്തെ നിലയിലുണ്ടായിരുന്ന സെൽവരാജനെയും (76) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 12.30നാണ് അപകടം. മുകൾനിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലാണ് അപകടം നടന്ന വീട്.
സംസ്ഥാന യുവജന കമ്മിഷൻ അംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു. അതേസമയം, കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല.
ഇന്ത്യൻ വംശജനും മാസ്റ്റർകാർഡിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അജയ് ബംഗയെ ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്ത് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലെ ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് സ്ഥാനം ഒഴിയുന്നുവെന്ന് അറിയിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം
വൈദ്യുതി വിച്ഛേദിക്കുമെന്ന പേരില്‍ ബാങ്ക് വിവരങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നേരത്തേ ഇത്തരം പരാതികള്‍ വ്യാപകമായിരുന്നെങ്കിലും പിന്നീട് കുറഞ്ഞു. വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
പുതിയ സംസ്ഥാന പോലീസ് മേധാവിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി അഞ്ച് എഡിജിപിമാരുടെ പട്ടിക കേന്ദ്രത്തിനു സമർപ്പിക്കുന്നതിനായി സംസ്ഥാന ആഭ്യന്തര വകുപ്പു തയാറാക്കി. ക്രൈംബ്രാഞ്ച് മേധാവി ഡോ. ഷേക് ദർബേഷ് സാഹിബ്, പോലീസ് ആസ്ഥാനത്തെ എഡിജിപി കെ.പത്മകുമാർ, സംസ്ഥാന ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ് കുമാർ, ബിവറേജസ് കോർപറേഷൻ സിഎംഡി യോഗേഷ് ഗുപ്ത, സപ്ലൈകോ എംഡി സഞ്ജീവ്കുമാർ പട്ജോഷി എന്നിവരാണു പട്ടികയിൽ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാനായി സയ്യിദ് അഖ്തർ മിർസ. അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി മുൻപ് അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേർന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളിൽ പേരുകേട്ട താണ് തലസ്ഥാന നഗരിയിലെ കോവളം ബീച്ച്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്.
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിന് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധം താന്‍ പൂര്‍ണ്ണമായും പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്ന് ചിന്താ ജെറോമിന്റെ ഗൈഡ് കൂടിയായ മുന്‍ പിവിസി ഡോ:പി.പി.അജയകുമാര്‍. കേരള വിസിക്കാണ് അജയകുമാര്‍ ഇത്തരത്തില്‍ വിശദീകരണം നല്‍കിയത്.
ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആകാശ് തില്ലങ്കേരിയെ പണ്ടേ പാര്‍ട്ടി പുറത്താക്കിയതാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. നല്ല വിളയ്‌ക്കൊപ്പം കളയുണ്ടാകുമെന്ന് പാര്‍ട്ടി കാണുന്നു. ഈ കളയെല്ലാം പാര്‍ട്ടി പറിച്ചു കളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കുമെന്നും ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തന്നെ ഈ ശുദ്ധീകരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകം ഒന്നിലധികം പ്രതിസന്ധികൾ നേരിടുമ്പോഴും വലിയ പ്രശ്‌നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹ ചെയർമാനുമായ ബിൽ ഗേറ്റ്‌സ്. ഏത് വലിയ പ്രതിസന്ധികളെയും നേരിടാൻ തങ്ങൾക്കാകുമെന്ന് ഇന്ത്യ തെളിയിച്ചതാണെന്നും അദ്ദേഹം തന്റെ ‘ഗേറ്റ്‌സ് നോട്ട്‌സ്’ എന്ന ബ്ലോഗിൽ പറഞ്ഞു.
കല്യണം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാനില്ലാത്തതിനെ തുടര്‍ന്ന് ഒരു സംഘം കര്‍ഷക യുവാക്കള്‍ പദയാത്ര നടത്തി. കര്‍ണാടകയിലാണ് സംഭവം. ‘എഞ്ചിനീയര്‍മാര്‍ക്ക് കല്യാണം കഴിക്കാം, ഡോക്ടര്‍മാര്‍ക്ക് കല്യാണം കഴിക്കാം, ഞങ്ങള്‍ക്ക് മാത്രം കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികളില്ല’ – ഈ പരാതിയുമായിട്ടാണ് കര്‍ണാടകയിലെ യുവ കര്‍ഷകരുടെ പദയാത്ര. വധുവിനെ കിട്ടാനുള്ള നേര്‍ച്ചയുമായി ഇവര്‍ ചാമരാജ് നഗറിലുള്ള വനക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തിയത്.
ഹൈദരാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി 14.09 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്. സുഡാനിൽ നിന്ന് ഷാർജ വഴിയാണ് ഇവർ ഹൈദരാബാദിലെത്തിയത്. ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങൾക്കിടയിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.
11 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 27 വര്‍ഷം തടവും 87,500 രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി പോക്‌സോ അതിവേഗകോടതിയാണ് ശിക്ഷ വിധിച്ചത്. പുളിക്കൽ കൊടികുത്തിപ്പറമ്പ് സ്വദേശി അസ്കറലിയെയാണ് (26) ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്.
വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കൊല്ലാൻ ശ്രമം. പ്രതിയായ ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ പൊലീസ് പിടികൂടി. നിയമ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.ബുധനാഴ്ച രാത്രിയിൽ തൊടുപുഴയിലാണ് സംഭവം നടന്നത്.
പ്രമുഖ ജ്വല്ലറി ഉടമയായ ജോയ് ആലുക്കാസിന്റെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഹവാല ഇടപാടിനെക്കുറിച്ചു സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന്, ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ പ്രതിയെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന അപ്പത്ത് വീട്ടിൽ മുഹമ്മദ് സൂഫിയാനാണ് അറസ്റ്റിലായത്. ഓച്ചിറ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ സേനയുടെ തന്ത്രപ്രധാനവിവരങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്കു ചോർത്തി നൽകിയെന്ന കുറ്റത്തിന് മൂന്ന് പാക് പൗരന്മാരെ രാജസ്ഥാൻ കോടതി ഏഴുവർഷം കഠിനതടവിനു ശിക്ഷിച്ചു. നന്ദ്ലാൽ, ഗോരി ശങ്കർ, പ്രേംചന്ദ് എന്നിവരെയാണ് ശിക്ഷിച്ചതെന്ന് രാജസ്ഥാൻ എഡിജിപി എസ്. സെൻഗാതിർ അറിയിച്ചു.
കാസർഗോഡ് ഗവൺമെന്റ് കോളജിൽ വിദ്യാർഥികളെ പൂട്ടിയിട്ടെന്ന ആരോപണം ഉയർന്ന പ്രിൻസിപ്പൽ രമയെ നീക്കാൻ ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. കോളജിലെ ഫിൽട്ടറിൽനിന്നു കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച പരാതി പറയാനെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്നാണ് പരാതി ഉയർന്നത്.
ഭൂകമ്പത്തിനു ഇരയായി അതികഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന തുര്‍ക്കിയിലെ ഏഴായിരത്തിലധികം പേരെ സഹായിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന്‍ അനാറ്റോളിയിലെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് പാവ്ലോ ബിസെറ്റി. ഇക്കഴിഞ്ഞ ഫെബ്രുവരി 21-ന് എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തിലാണ് 15 ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷണം, അഭയം ഉള്‍പ്പെടെയുള്ള അനേകം കാര്യങ്ങള്‍ ആയിരങ്ങള്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തിയത്
തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ഫിലിപ്പീന്‍സിലെ കത്തോലിക്ക വിശ്വാസികളില്‍ 10 പേരില്‍ 7 പേരും ദിവസവും ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും പ്രാര്‍ത്ഥിക്കുന്നവരാണെന്ന് പഠനഫലം. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ‘സോഷ്യല്‍ വെതര്‍ സ്റ്റേഷന്‍സ്’ എന്ന സ്വകാര്യ സ്ഥാപനം നടത്തിയ സര്‍വ്വേയില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെമ്പാടും നിന്നുള്ള 1,200 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. “നിങ്ങള്‍ എത്ര തവണ പ്രാര്‍ത്ഥിക്കും?” എന്നായിരുന്നു സര്‍വ്വേയില്‍ പങ്കെടുത്തവരോടുള്ള ചോദ്യം. സര്‍വ്വേയില്‍ പങ്കെടുത്ത 35%വും തങ്ങള്‍ ദിവസത്തില്‍ പലപ്രാവശ്യം പ്രാര്‍ത്ഥിക്കുമെന്ന്‍ പറഞ്ഞപ്പോള്‍, 34% തങ്ങള്‍ ദിവസത്തില്‍ ഒരു തവണ പ്രാര്‍ത്ഥിക്കുമെന്നു വെളിപ്പെടുത്തി.
യുക്രൈനിലേക്കുള്ള റഷ്യന്‍ കടന്നു കയറ്റം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അധിനിവേശത്തിന്റെ ഫലമായി രാജ്യത്തെ ദേവാലയങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗം മത-സാംസ്കാരിക കേന്ദ്രങ്ങളും പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഏറ്റവും ചുരുങ്ങിയത് 494 മതസംസ്കാരിക കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ, കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം
തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ശ്രദ്ധ നേടിയ പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാല്‍ബെര്‍ഗിന്റെ പുതിയ അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും സുപ്രധാനമായത് ക്രൈസ്തവ വിശ്വാസമാണെന്നു എൻബിസി ചാനലിന്റെ ‘ടുഡേ’ എന്ന പരിപാടിയില്‍ അദ്ദേഹം പ്രഖ്യാപനം നടത്തി. നെറ്റിയിൽ ചാരം പൂശിയാണ് വിഭൂതി തിരുനാൾ ദിനത്തില്‍ ചാനല്‍ സ്റ്റുഡിയോയിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. ഹോളിവുഡിൽ വിശ്വാസം എന്നത് വലിയ ജനപ്രീതിയുള്ള കാര്യമല്ലായെന്നും എന്നാല്‍ തന്റെ വിശ്വാസത്തെ തള്ളിപ്പറയാൻ താന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തിന് കീഴില്‍ ദേശവ്യാപകമായി ക്രൈസ്തവര്‍ നേരിടുന്ന വിവിധങ്ങളായ മതപീഡനങ്ങളെ കുറിച്ച് വിവരിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ചൈന എയിഡ്’ ഫെബ്രുവരി 14-ന് പുറത്തുവിട്ട 63 പേജുകളുള്ള ‘2022-ലെ വാര്‍ഷിക മതപീഡന റിപ്പോര്‍ട്ട്’ലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) ക്രൈസ്തവര്‍ക്കും, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കുമെതിരെയുള്ള തങ്ങളുടെ അടിച്ചമര്‍ത്തല്‍ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision