പാലാ രൂപതയിൽ അമ്മമാർക്കായി സ്ഥാപിതമായിരിക്കുന്ന മാതൃവേദിയുടെ 2023 – 2024 പ്രവർത്തന വർഷങ്ങളിലെ കർമ്മപരിപാടികൾ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്ന സമ്മേളനത്തിൽ രൂപത പ്രസിഡന്റ് ശ്രീമതി സിജി ലൂക്സൺ പടന്നമാക്കൽ അദ്ധ്യക്ഷത വഹിച്ചു. മാതൃവേദിയുടെ അംഗങ്ങളായ അമ്മമാർ സമൂഹത്തിന്റെ വഴിവിളക്കായി പ്രശോഭിക്കേണ്ടവരാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ബോധിപ്പിച്ചു. മക്കൾക്ക് ജന്മം നല്കുന്നതിലൂടെയാണ് ഒരു സ്ത്രീ അമ്മയായി തീരുന്നത്. അമ്മയായതിലൂടെ സമൂഹത്തിൽ അവളുടെ ദൗത്യം വർദ്ധിക്കുകയാണ്. ദൈവത്തിന്റെ ദാനമായ മക്കളെ വിശ്വാസത്തിലും സന്മാർഗ്ഗബോധത്തിലും വളർത്തുവാൻ മാതാക്കൾക്ക് സാധിക്കണം. തങ്ങളുടെ വിശ്വാസവും പ്രാർത്ഥനയും ആത്മീയതയും മൂല്യാധിഷ്ഠിത ജീവിതവും വഴി കുടുംബത്തിലും സഭയിലും സമൂഹത്തിലും പ്രകാശം പരത്തുവാൻ അമ്മമാർക്ക് സാധിക്കണമെന്ന് മാർ കല്ലറങ്ങാട്ട് പറഞ്ഞു. 2023-24 പ്രവർത്തന വർഷങ്ങളിലേയ്ക്കുള്ള കർമ്മരേഖയും മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. രൂപതാ ഡയറക്ടർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ, ജോയിന്റ് ഡയറക്ടർ സി. ഡോ. എൽസാ ടോം, സെക്രട്ടറി ശ്രീമതി ഷേർളി ചെറിയാൻ മഠത്തിപ്പറമ്പിൽ, ട്രഷറർ ഡയന രാജു ഓലിക്കൽ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision