തൃശൂർ: ജീവന്റെ പോഷണം ലക്ഷ്യമിട്ട് കാരിസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തുന്ന ‘ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് -2024’ ഓഗസ്റ്റ് 10നു തൃശൂരിൽ നടത്തുമെന്നു സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കേരളത്തിൽ ഇതാദ്യമാണെന്നും കഴിഞ്ഞവർഷം പുനെയിലായിരുന്നു പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 174 രൂപതകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ സെമിനാർ, എക്‌സിബിഷൻ, ദിവ്യബലി, പൊതുസമ്മേളനം, മാർച്ച് എന്നിവ നടക്കും. പതിനായിരത്തിലേറെപ്പേർ മാർച്ചിൽ പങ്കെടുക്കും.
തൃശൂർ അതിരൂപത ജോൺപോൾ പ്രോലൈഫ് സമിതിയും അതിരൂപത കരിസ്‌മാറ്റിക് പ്രസ്ഥാനവും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ചെയർമാനും ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കാലിസ്റ്റ് കോ- ചെയർമാനുമായി നൂറ് അംഗങ്ങൾ ഉൾക്കൊള്ളുന്ന വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര, പ്രോഗ്രാം വർക്കിംഗ് ചെയർമാൻ ഫാ. ഡെന്നി താണിക്കൽ, നാഷണൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ പൗളീന മെലൈറ്റ് എം എസ്എംഐ, ജനറൽ കൺവീനർ ജെയിംസ് ആഴ്‌ചങ്ങാടൻ എന്നിവർ പ്രസംഗിച്ചു.