ഏറ്റുമാനൂർ: നിർമാണം മുടങ്ങി കിടന്ന മാന്നാനം പാലത്തിന്റെ പുനർ നിർമ്മാണം ഓഗസ്റ്റിൽ തുടങ്ങും. ഇതിൻ്റെ ഭാഗമായി നാട്ടുകാരുടെ പങ്കാളിത്തത്തോടെ മാന്നാനം എൻഎസ്എസ് ഹാളിൽ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
24.83 കോടി രൂപ മുടക്കിയാണ് പാലം നിർമിക്കുന്നത്. പാലത്തിനടിയിലുള്ള പെണ്ണാർതോട് ദേശീയ ജലപാതയിൽ ഉൾപ്പെട്ടതാണ് ഒരു വർഷമായി നിർമാണം മുടങ്ങാൻ കാരണമായത്.
നീണ്ടൂർ, അതിരമ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മാന്നാനം – നീണ്ടൂർ കല്ലറ റോഡിലെ പാലം പണി മുടങ്ങിയത് ജനങ്ങളെ തീരാദുരിതത്തിലാക്കിയിരുന്നു.
ദേശീയ ജലപാതയുടെ മുകളിലുള്ള പാലങ്ങൾക്ക് നിയമമനുസരിച്ച് 41 മീറ്റർ നീളം, 12 മീറ്റർ വീതി, ജലനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരം എന്നിവ വേണം. നിർമാണം ആരംഭിച്ച പാലത്തിന് 10 മീറ്റർ നീളവും 4 മീറ്റർ വീതിയുമായിരുന്നു. അതിനെ തുടർന്നാണ് നിർമ്മാണം നിലച്ചത്. മന്ത്രി വി എൻ വാസവന്റെ ഇടപെടലിനെ തുടർന്ന് ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിച്ച് പാലം നിർമിക്കാൻ പുതിയ രൂപരേഖ സഹിതം അപേക്ഷ സമർപ്പിക്കുകയും പദ്ധതിക്ക് ജീവൻ വെക്കുകയുമായിരുന്നു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലക്കുളം അധ്യക്ഷനായി. സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം
കെ എൻ വേണുഗോപാൽ, ഏരിയ സെക്രട്ടറി ബാബു ജോർജ്,സിപിഐ മണ്ഡലം പ്രസിഡൻ്റ് അഡ്വ. ബിനു ബോസ്,എൻഎസ്എസ് മാന്നാനം കരയോഗം പ്രസിഡൻ്റ് ജയപ്രകാശ് കെ നായർ, എസ്എൻഡിപി മാന്നാനം ശാഖ സെക്രട്ടറി കെ സജീവ് കുമാർ,
ഫാ. സാബു മാലിതുരുത്തേൽ, ഫാ. ആൻ്റണി,ഫാ. ജെയിംസ് മുല്ലശ്ശേരി,
അതിരമ്പുഴ സഹകരണ ബാങ്ക് പ്രസിഡൻ്റ് പി വി മൈക്കിൾ എന്നിവർ സംസാരിച്ചു.നീണ്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ പ്രദീപ് സ്വാഗതവും ബൈജു മാതിരമ്പുഴ നന്ദിയും പറഞ്ഞു
ഭാരവാഹികൾ : വി കെ പ്രദീപ് ( ചെയർമാൻ ) , പി കെ ജയപ്രകാശ് ( കൺവീനർ ).














