കാസർഗോഡ് കുമ്പളയിൽ വൈദ്യുതി ഇല്ല. ഇതേതുടർന്ന് കെ എസ് ഇ ബി ഓഫീസ് നാട്ടുകാർ ഉപരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറായി വൈദ്യുതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരോധം നടത്തുന്നത്. ഇന്നലെ വൈകീട്ട് മുതൽ പ്രദേശത്ത് വൈദ്യുതി ഇല്ല.
ഇന്നലെ അതിശക്തമായ മഴയെയും ഇടിമിന്നലിനെയും തുടർന്നായിരുന്നു വൈദ്യുതി ബന്ധം നിലച്ചത്. എന്നാൽ ഇന്ന് പകൽ മുഴുവൻ വൈദ്യുതി ഇല്ലാതെ പലരും കഴിയുകയായിരുന്നു.ഇതേത്തുടർന്നാണ് നാട്ടുകാർ രാത്രി 8 മണിയോടുകൂടി കെ എസ് ഇ ബി ഓഫീസിലെത്തി പ്രതിഷേധിച്ചത്.
വലിയ പൊലീസ് സന്നാഹം പ്രദേശത്തുണ്ട്. അറസ്റ്റടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞിട്ടും നാട്ടുകാർ പിരിഞ്ഞുപോകാൻ തയ്യാറായിട്ടില്ല. എന്നാൽ വൈദ്യുത ലൈൻ തകരാർ പരിഹരിക്കാൻ ഇനിയും സമയം ആവശ്യമുണ്ടെന്നാണ് കെ എസ് ഇ ബി അധികൃതർ വ്യക്തമാക്കുന്നത്.രണ്ട് മണിക്കൂറിനകം വൈദ്യുതി പുനഃസ്ഥാപിക്കാൻ ജില്ലാകളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. പരമാവധി സ്ഥലങ്ങളിൽ വൈദ്യുതി എത്തിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകി.