തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മത്സര ചിത്രം തെളിഞ്ഞിട്ടും മുന്നണികളിലെ അസ്വാരസ്യങ്ങൾ മാറുന്നില്ല. പലയിടത്തും വിമതശല്യം ഒഴിഞ്ഞിട്ടില്ല. സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് നേതാക്കളുടെ രാജിയും തുടരുകയാണ്.
വിമതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ മുപ്പത്തി അയ്യായിരത്തോളം പേരാണ് മത്സരത്തിൽ നിന്ന് പിന്മാറിയത്. പടലപ്പിണക്കത്തെ തുടർന്ന് പത്രിക നൽകിയ നിരവധി പേർ പിന്മാറിയെങ്കിലും വിമതശല്യം പൂർണമായും ഒഴിയുന്നില്ല.
കോഴിക്കോട് കുന്ദമംഗലം ബ്ലോക് പഞ്ചായത്തിലെ മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കോൺഗ്രസ് വിമത സ്ഥാനാർഥി അനിത അനീഷ് പ്രതികരിച്ചു. മുൻ എംപി രമ്യാ ഹരിദാസിന്റെ മാതാവാണ് പൂവാട്ടുപറമ്പ് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി.














