പാലാ: ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയുടെ ഭാഗമായി സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി നിയമ ബോധന – ലഹരി വിരുദ്ധ അവബോധന ക്ലാസുകൾ നടത്തപ്പെട്ടു.വിദ്യാർത്ഥികൾക്ക് അവരുടെ കടമകൾ മനസ്സിലാക്കുന്നതിനും അവകാശങ്ങൾ വിനിയോഗിക്കുന്നതിനും സഹായകമാകുന്ന രീതിയിൽ നിയമസാക്ഷരത നൽകുവാനായി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി കോ- ഓർഡിനേറ്റർ അഡ്വ. സുമൻ സുന്ദർ രാജ് ക്ലാസ് നയിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ സംശയനിവാരണം നടത്തുകയും ചെയ്തു.
നാഷണൽ സർവ്വീസ് പ്രോഗ്രാം ഓഫീസർ ബിജു കുര്യൻ ലഹരിവിരുദ്ധ അവബോധന ക്ലാസ് നയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വെല്ലുവിളികളെ ചെറുക്കുന്നതിനും ആരോഗ്യകരവും മയക്കുമരുന്ന് രഹിതവുമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ ദിശാബോധം വിദ്യാർത്ഥികൾക്ക് നൽകി.
സ്കൂൾ പ്രിൻസിപ്പാൾ റെജിമോൻ കെ മാത്യു, ലീഗൽ സർവീസ് സൊസൈറ്റി അംഗം വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് സ്കൂൾ എൻ എസ് എസ്- റോവർ & റെയ്ഞ്ചർ യൂണിറ്റുകൾ നേതൃത്വം നൽകി.