പാലാ: ളാലം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സൗജന്യമായി നൽകുന്ന സൈഡ് വീലോടുകൂടിയ സ്കൂട്ടർ ആറ് ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ കോട്ടയം എം പി ശ്രീ തോമസ് ചാഴികാടൻ സ്കൂട്ടർ വിതരണം ചെയ്തു.
ശാരീരിക പ്രത്യേകതകൾ മൂലം സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോകുമായിരുന്ന ജീവിതങ്ങൾക്ക് കൈത്താങ്ങാകുവാനും തൊഴിൽ നേടുന്നതിനും അത് വഴി മുഖ്യധാരയിലേക്ക് കടന്ന് വന്ന് അന്തസ്സോടെ ജീവിക്കുന്നതിനും ഭിന്നശേഷിക്കാർക്ക് ശക്തി പകരാനാണ് ബ്ലോക്ക് പഞ്ചായത്ത് ഇത്തരത്തിലുളള പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പുതുതായി പണിതീർത്ത ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനവും വനിതാകൾക്കായുളള സിംഗിൾസ്, ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റും കോർട്ടിൽ ബാറ്റ് തട്ടി അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കളിക്കളങ്ങൾ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ യുവാക്കളിൽ ആരോഗ്യപാലനം സ്പോർട്ട്സിലൂടെ നടപ്പാക്കുന്നതിനും കളിക്കളങ്ങളിലെ ഒരുമ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ഉദ്ദേശിച്ചാണ് കോർട്ട് നിർമിച്ചിരിക്കുന്നത്.
പ്രഭാത സായാഹ്ന സമയങ്ങളിൽ നടത്തം, ബാഡ്മിന്റൺ ഉൾപ്പടെ വിനോദത്തിനും വ്യായാമത്തിനുമായി ബ്ലോക്ക് കോമ്പൗണ്ടിൽ സൗകര്യവും ഒരുക്കിയിട്ടുമുണ്ട്. 2022-23 സാമ്പത്തിക വർഷം ലഭ്യമായ ഫണ്ടിൽ 100 ശതമാനം തുകയ്ക്കും ബിൽ തയ്യാറാക്കി അലോട്ട്മെന്റ് കൊടുത്ത് സംസ്ഥാനത്ത് മുൻനിരയിൽ ബ്ലോക്ക് പഞ്ചായത്തിനെ എത്തിക്കുന്നതിനായി അക്ഷീണം പ്രയത്നിക്കുകയും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോട് ഐക്യപ്പെട്ട് പ്രവർത്തിക്കുകയും ചെയ്ത നിർവ്വഹണ ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു
തുടർച്ചയായി സംസ്ഥാന കേന്ദ്ര അവാർഡുകൾ വാങ്ങുന്നതിലും 100 ശതമാനം പദ്ധതി വിഹിതം ചെലവഴിക്കുന്നതിലും ളാലം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് തോമസ് ചാഴികാടൻ പറഞ്ഞു. ബ്ലോക്കിനെ നേതൃത്വപരമായി ഉത്തരവാദിത്വത്തോടെ മുന്നോട്ട് നയിക്കുകയും ഭാവനാപൂർണ്ണമായ പദ്ധതികൾ തയ്യാറാക്കുകയും സാമാന്യ ജനങ്ങൾക്ക് നേരിട്ട് ഗുണം കിട്ടുന്ന വിവിധ പ്രോജക്ടുകൾ ഏറ്റെടുക്കുകയും ചെയ്യുന്ന ഭരണസമിതിയെ മുക്തകണ്ഠം അഭിനന്ദിക്കുകയും ചെയ്തു.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതാണ് ഈ വിജയങ്ങളുടെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആനന്ദ് മാത സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, ജോസ്മോൻ മുണ്ടക്കൽ എന്നിവർ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിസമ്മ ബോസ്, ജോസ് തോമസ് ചെമ്പകശ്ശേരി, അനില മാത്തുക്കുട്ടി, മെമ്പർമാരായ ബിജു പി കെ, സെബാസ്റ്റ്യൻ കെ എസ്, ലാലി സണ്ണി, ഷിബു പൂവേലിൽ, ജെസ്സി ജോർജ്ജ്, ജോസി ജോസഫ്, റൂബി ജോസ്, ഷീലാ ബാബു, സെക്രട്ടറി ഭാഗ്യരാജ് കെ ആർ എന്നിവർ സന്നിഹിതരായിരുന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7 visit our website http://pala.vision