കുറുപ്പുന്തറ: കുറുപ്പന്തറ കെഎസ്ഇബി ഓഫീസ് പ്രവര്‍ത്തിക്കുന്ന ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍. കെട്ടിടത്തിന്റെ കോണ്ക്രീറ്റുകള് അടര്‍ന്ന് വീണു ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിലാണ്. സ്റ്റാന്‍ഡിലൂടെ വാഹനങ്ങളെത്തുമ്പോള്‍ കെട്ടിടത്തിനുള്ളിലുള്ളവരുടെ ഉള്ളും കുലുങ്ങുകയാണ്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് നിന്നുള്‍പെടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് ആളുകളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുകയാണ്.
മാഞ്ഞൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സാണ് അപകടാവസ്ഥയിലുള്ളത്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും വലിയ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് നിലത്തേക്കു വീഴൂന്നത് പതിവാണെന്നും പറയുന്നു. ഈ കെട്ടിടത്തോട് ചേര്‍ന്നാണ് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്നതും ഈ കെട്ടിടത്തിന് സമീപമാണ്. എപ്പോള്‍ വേണമെങ്കിലും താഴേയ്ക്കു വീഴാവുന്ന നിലയില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് നില്ക്കുന്ന കെട്ടിടം മനുഷ്യരുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുകയാണ്. സമീപത്തെ വ്യാപാരികളും ആശങ്കയിലാണ്.
ഷോപ്പിംഗ് കോംപ്ലക്സില്‍ കെഎസ്ഇബി കുറുപ്പന്തറ ഓഫീസും തയ്യല്‍കടയും ഉള്‍പെടെ നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കി 1997 ല്‍ ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് കാലപഴക്കത്തില്‍ ശോച്യാവസ്ഥയിലുള്ളത്. പിന്നീട് കാര്യമായ അറ്റകുറ്റപണികളൊന്നും നടത്തിയിട്ടില്ലെന്ന് വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പറയുന്നു. ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകള്‍ഭാഗത്ത് പലയിടത്തും കോണ്‍ക്രീറ്റ് അടര്‍ന്ന് തുരുമ്പിച്ച ഇരുമ്പുകമ്പികള്‍ വെളിയില്‍ കാണാവുന്ന അവസ്ഥയിലാണ്. അപകട ഭീതി മൂലം ചില വ്യാപാരികള്‍ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി തങ്ങളുടെ ഭാഗത്ത് അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. എന്നാല്‍ വാടക നല്‍കുന്നതിന് പുറമേ കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ കൂടി നടത്താന്‍ നിവൃത്തിയില്ലെന്നാണ് ഇവര്‍ പറയുന്നത്.














