കുറവിലങ്ങാട്: മതസൗഹാർദ്ദത്തിൻ്റെ ഉത്തമ മാതൃക വിളിച്ചോതി കുറവിലങ്ങാട് പള്ളിയിലെ മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണത്തിന് മഹാദേവക്ഷേത്രത്തിൻ്റെ സ്വീകരണം. തിരുനാളിൻ്റെ ആദ്യ ദിനമായ തിങ്കളാഴ്ച പകലോമറ്റത്തു നിന്നും കുറവിലങ്ങാട് പള്ളിയിലേക്ക് നടക്കുന്ന ചരിത്രപ്രസിദ്ധമായ പ്രദക്ഷിണത്തിനാണ് മഹാദേവക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പ് നൽകുന്നത്.
താലപ്പൊലിയുടെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ക്ഷേത്രമുറ്റത്ത് പ്രദക്ഷിണത്തെ സ്വീകരിക്കുക. നൂറ്റാണ്ടുകളായുള്ള നാടിൻ്റെ മതസൗഹാർദ്ദ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഈ പ്രദക്ഷിണം തിരുനാളിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.













