കുറവിലങ്ങാട്: രാജ്യമാകെ ആധ്യാത്മിക നേതൃത്വം നൽകാൻ കഴിഞ്ഞ പള്ളിയും സ്ഥലവുമാണ് കുറവിലങ്ങാടെന്ന് ഷംഷാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു. കുറവിലങ്ങാട് ബൈബിൾ കൺവൻഷന്റെ നാലാം ദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് കൊല്ലംപറമ്പിൽ. പതിറ്റാണ്ടുകൾ രാജ്യമാകെ നേതൃത്വം നൽകിയ അർക്കദിയാക്കോന്മാരുടെ പിൻതലമുറയാണ് കുറവിലങ്ങാട്ടുള്ളത്. ക്രൈസ്തവരോളംതന്നെ പഴക്കമുള്ള നാടാണ് കുറവിലങ്ങാട്.
നോമ്പും ഉപവാസവും വചനശ്രവണവും വഴി ദൈവത്തോട് കൂടുതൽ ചേർന്നുനിൽക്കാൻ കഴിയും. വചനശ്രവണം പരിശുദ്ധാത്മാഭിഷേകത്തിന്റെ വേളകളാണെന്നും മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു.
അസി.വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. തോമസ് താന്നിമലയിൽ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായി.
കൺവൻഷന്റെ സമാപനദിനമായ ഇന്ന് മുട്ടുചിറ പരിശുദ്ധ റൂഹാദ്ക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.












