പാലാ നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ മാണി സി കാപ്പൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. യുഡിഎഫ് നേതൃത്വത്തിന്റെ നിർദേശപ്രകാരം മണ്ഡലത്തിൽ ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങൾക്കും ചുവരെഴുത്തുകൾക്കും തുടക്കമായിട്ടുണ്ട്.
കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം. താൻ പ്രതിപക്ഷത്തായതിനാലാണ് കഴിഞ്ഞ കുറച്ചു കാലമായി പാലായിൽ വികസനം പൂർണ്ണമായി നടപ്പിലാക്കാൻ കഴിയാതിരുന്നതെന്ന് കാപ്പൻ ആരോപിക്കുന്നു.
ഭരണപക്ഷത്തിരുന്ന ഒന്നര വർഷത്തിനുള്ളിൽ 80 കോടി രൂപയുടെ വികസനം കൊണ്ടുവരാൻ തനിക്ക് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോസ് കെ മാണി ഇനി യുഡിഎഫിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ വേണ്ടെന്നും, അത്തരമൊരു നീക്കം മുന്നണിയിലുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












