മെയ് 12 മുതൽ 14 വരെ തീയതികളിലായി റോമിൽ നടന്ന പൗരസ്ത്യസഭകളുടെ ജൂബിലിയാഘോഷങ്ങൾ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലും റോമിലുള്ള മേരി മേജർ ബസലിക്കയിലുമായി നടന്നു. മെയ് 14 ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ പൗരസ്ത്യസഭംഗങ്ങൾക്ക് വത്തിക്കാനിലെ വിശുദ്ധ പോൾ ആറാമൻ ശാലയിൽ കൂടിക്കാഴ്ച അനുവദിച്ചു. വിവിധ പൗരസ്ത്യസഭകളിൽനിന്നായി പാത്രിയർക്കീസുമാരും കർദ്ദിനാൾമാരും മെത്രാന്മാരുമുൾപ്പെടെ ആയിരക്കണക്കിന് പേർ ചടങ്ങുകളിൽ സംബന്ധിച്ചു.
2025-ലെ ജൂബിലിയുടെ ഭാഗമായി, വിവിധ പൗരസ്ത്യസഭകളിൽനിന്നുള്ള പാത്രിയർക്കീസുമാരും കർദ്ദിനാൾമാരും മെത്രാന്മാരുമുൾപ്പെടെ ആയിരക്കണക്കിന് പേരുടെ പങ്കാളിത്തത്തോടെ റോമിൽ വിശുദ്ധബലിയർപ്പണങ്ങളും, പ്രത്യേക പ്രാർത്ഥനാസമ്മേളനങ്ങളും നടന്നു. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലും റോമിലുള്ള മേരി മേജർ ബസലിക്കയിലുമാണ് വിശുദ്ധ കുർബാനയർപ്പണങ്ങളും പ്രാർത്ഥനകളും നടന്നത്.
മെയ് 14 ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ പൗരസ്ത്യസഭംഗങ്ങൾക്ക് വത്തിക്കാനിലെ വിശുദ്ധ പോൾ ആറാമൻ ശാലയിൽ പൊതുകൂടിക്കാഴ്ച അനുവദിച്ചു. പാത്രിയർക്കീസുമാരും കർദ്ദിനാൾമാരും മെത്രാന്മാരും, വൈദികരും സന്ന്യസ്തരും അല്മായരുമുൾപ്പെടെ ആയിരക്കണക്കിന് പേർ ചടങ്ങുകളിൽ സംബന്ധിച്ചു. പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തിയും പൊതുകൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
മെയ് പതിനാലിന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ബൈസന്റയിൻ സഭാപാരമ്പര്യമുള്ള, ഗ്രീക്ക് മെല്ക്കീത്ത കത്തോലിക്കാസഭ, ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭ, റുമേനിയൻ ഗ്രീക്ക് കത്തോലിക്കാസഭ തുടങ്ങിയ സഭകളുടെ സാന്നിദ്ധ്യത്തിൽ വിശുദ്ധ ബലിയർപ്പണം നടന്നു.
പൗരസ്ത്യ സിറിയൻ ആരാധനാക്രമപരമ്പര്യമുള്ള സഭകളുടെ വിശുദ്ധ ബലിയർപ്പണം മെയ് 13 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ നടന്നു. കല്ദായസഭാ പാത്രിയർക്കീസ് അഭിവന്ദ്യ ലൂയിസ് റഫായേൽ ഒന്നാമൻ സാക്കോ വിശുദ്ധ ബലിയിൽ മുഖ്യ കാർമ്മികനായി. കൽദായ സഭയിലെയും സീറോ മലബാർ സഭയിലെയും അംഗങ്ങളാണ് ഈ ബലിയിൽ മുഖ്യമായും പങ്കെടുത്തത്. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും വിശുദ്ധ ബലിയിൽ സഹകാർമ്മികനായിരുന്നു. ഒരു തീർത്ഥാടകസഭയെന്ന നിലയിൽ കിഴക്കൻ സഭകൾക്കും പടിഞ്ഞാറൻ സഭകൾക്കും ഒരുമിച്ച് മുന്നേറാനാകട്ടെയെന്ന് മേജർ ആർച്ച്ബിഷപ് തട്ടിൽ ആശംസിച്ചു. ജൂബിലി എന്നത്, സജീവനായ ക്രിസ്തു സഭയോടൊത്ത് സഞ്ചരിക്കുന്നുണ്ടെന്നതിന്റെ സാക്ഷ്യം നൽകാനുള്ള അവസരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മെയ് 13-ന് വൈകുന്നേരം 6.45-ന് മാറോണീത്ത, സീറോ മലങ്കര സഭകളുടെ പങ്കാളിത്തത്തോടെ, മേരി മേജർ ബസലിക്കയിൽ വച്ച് സീറോ കത്തോലിക്കാ പാരമ്പര്യമനുസരിച്ചുള്ള സായാഹ്നപ്രാർത്ഥനകൾ നടന്നു.
മെയ് 12 തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ “ഗായകസംഘത്തിന്റെ കപ്പേള” എന്ന ചാപ്പലിൽ വച്ച് എത്യോപ്യൻ സഭയുടെ ആരാധനാക്രമമനുസരിച്ചുള്ള വിശുദ്ധ ബലി നടന്നു. എത്യോപ്യ, ഏരിത്രയ എന്നിവിടങ്ങളിൽനിന്നുള്ള സഭകളാണ് ഇതിൽ പങ്കെടുത്തത്. അദീസ് അബേബയുടെ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ സുറാഫിയേൽ മുഖ്യ കാർമ്മികനായിരുന്നു. പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തി ഏവരെയും അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു.
മെയ് 12 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് റോമിലുള്ള മേരി മേജർ ബസലിക്കയിലെ പൗളിൻ ചാപ്പലിൽ അർമേനിയൻ സഭംഗങ്ങൾ വിശുദ്ധ ബലിയർപ്പണം നടത്തി. അർമേനിയൻ സഭയുടെ ചിലിച്യ പാത്രിയർക്കീസ് അഭിവന്ദ്യ റാഫേൽ ബെദ്റോസ് ഇരുപത്തിയൊന്നാമൻ മിനാസിയാൻ പാത്രിയർക്കീസായിരുന്നു മുഖ്യ കാർമ്മികൻ. ഫ്രാൻസിസ് പാപ്പായുടെ കല്ലറയ്ക്കടുത്തായാണ് ഈ ചാപ്പൽ.
മെയ് 12 തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് ഇതേ ചാപ്പലിൽ കോപ്റ്റിക് ആരാധനാക്രമമനുസരിച്ചുള്ള വിശുദ്ധ ബലിയർപ്പണം നടന്നു. കോപ്റ്റിക് കത്തോലിക്കരുടെ അലക്സാണ്ഡ്രിയൻ പാത്രിയർക്കീസും, ഈജിപ്തിലെ പാത്രിയർക്കീസുമാരുടെയും മെത്രാന്മാരുടെയും അസംബ്ലിയുടെ പ്രസിഡന്റുമായ അഭിവന്ദ്യ ഇബ്രാഹിം ഒന്നാമൻ സെഡ്രാക് മുഖ്യ കാർമ്മികനായിരുന്നു.
മേരി മേജർ ബസലിക്കയിൽ നടന്ന വിശുദ്ധ ബലിയർപ്പണങ്ങളിൽ കർദ്ദിനാൾക്ലൗദിയോ ഗുജറോത്തിയും സംബന്ധിച്ചു.