വത്തിക്കാൻ: ഇറ്റാലിയൻ മെത്രാൻ സമിതിയുമായി സഹകരിച്ച് മാനുഷിക ഇടനാഴികൾ വഴി 44 അഭയാർഥികൾ എത്യോപ്യയിൽ നിന്നും ഇറ്റലിയിലെത്തി. ഒക്ടോബർ രണ്ടാം തീയതി ഫ്യുമിച്ചീനോ വിമാനത്താവളത്തിലെത്തിയ ഇവരെ ഇറ്റാലിയൻ സഭയുടെ പ്രതിനിധികൾ സ്വീകരിച്ചു.
നാളെ, ഒക്ടോബർ അഞ്ചാം തീയതി ഞായറാഴ്ച, വത്തിക്കാൻ ചത്വരത്തിൽ ലെയോ പതിനാലാമൻ പാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ സമാപിക്കുന്ന കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ജൂബിലി ആഘോഷങ്ങളിൽ ഇവർ പങ്കെടുക്കും.
സാൻ എജിദിയോ സമൂഹത്തിന്റെ നേതൃത്വത്തിൽ, ഇറ്റാലിയൻ മെത്രാൻ സമിതിയും ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ മാനുഷിക ഇടനാഴി സ്ഥാപിച്ചത്. അഭയാർഥികളിൽ കൂടുതലും സുഡാനിൽ നിന്നുള്ളവരാണ്. കൂടാതെ, ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ 17 സോമാലിയൻ വംശജരും സംഘത്തിലുണ്ട്.
രണ്ടര വർഷമായി നീണ്ടുനിൽക്കുന്ന ആഭ്യന്തര യുദ്ധം കാരണം 12 ദശലക്ഷം ആളുകൾ പലായനം ചെയ്യുകയും, 4 ദശലക്ഷത്തിലധികം ആളുകൾ എത്യോപ്യ പോലുള്ള അയൽ രാജ്യങ്ങളിൽ അഭയം തേടാൻ നിർബന്ധിതരാകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം.












