ഗാസയിലെ ജനങ്ങള്‍ കൊടിയ ദുരിതത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ പുതിയ ആശുപത്രി ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്‌ത് ഇറ്റാലിയന്‍ കത്തോലിക്ക സഭ. സെപ്റ്റംബർ 27 മുതൽ 30 വരെ തീയതികളിൽ വിശുദ്ധ നാട് സന്ദർശിച്ച ഇറ്റാലിയന്‍ മെത്രാൻ സമിതി ജനറൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജ്യുസേപ്പേ ബത്തൂരിയാണ് ജെറുസലേമിലെ ലത്തീൻ പാത്രിയർക്കേറ്റിന്റെ കൂടി സഹകരണത്തോടെ ഗാസായിൽ ഒരു പുതിയ ആശുപത്രി തുടങ്ങുന്നതുൾപ്പെടെയുള്ള പദ്ധതികൾ മുന്നോട്ടുവച്ചത്.
ജെറുസലേമിലെ പാത്രിയർക്കീസ് കർദ്ദിനാൾ പിയർ ബാറ്റിസ്റ്റ പിസബല്ല നയിക്കുന്ന വിശുദ്ധ നാട്ടിലെ സഭയോടുള്ള ഇറ്റാലിയന്‍ സഭയുടെ സാഹോദര്യവും ഐക്യദാർഢ്യവും അറിയിക്കുന്നതിനു വേണ്ടിക്കൂടിയാണ് താൻ ഈ യാത്ര നടത്തിയതെന്ന് ആർച്ച് ബിഷപ്പ് ബത്തൂരി വ്യക്തമാക്കി.
എന്നാൽ അതിനൊപ്പം മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശയും, മനുഷ്യാന്തസ്സിനെ ചവിട്ടിമെതിക്കുന്ന അന്യായമായ അതിക്രമങ്ങളിലുള്ള തങ്ങളുടെ പ്രതിഷേധവും അറിയിക്കുന്നതിനുവേണ്ടിക്കൂടിയാണ് ഈ യാത്രയെന്ന് അദ്ദേഹം അനുസ്മരിച്ചു.












