ഇറാൻ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോൾ രാജ്യം അതിരൂക്ഷമായ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുന്നു. സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 500 കടന്നതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തിൽ ഇറാനിൽ നേരിട്ടുള്ള ഇടപെടലിന് അമേരിക്ക ഒരുങ്ങുന്നതായാണ് സൂചനകൾ.
ഇറാനിലെ സ്ഥിതിഗതികൾ താനും യു.എസ് സൈന്യവും അതീവ ജാഗ്രതയോടെ വിലയിരുത്തുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. നാളെ വൈറ്റ് ഹൗസിൽ ചേരുന്ന മുതിർന്ന വിദേശകാര്യ ഉപദേഷ്ടാക്കളുടെ യോഗം നിർണ്ണായകമാകും.
സൈനികാക്രമണം, രഹസ്യ സൈബർ യുദ്ധമുറകൾ, ഉപരോധം ശക്തമാക്കൽ തുടങ്ങിയ വിവിധ മാർഗങ്ങൾ യു.എസിന് മുന്നിലുണ്ടെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. ഇറാൻ പ്രതിപക്ഷ നേതാക്കളുമായി അമേരിക്കൻ ഭരണകൂടം ഇതിനോടകം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.












