കെ.എം. ചാണ്ടിയെ അനുസ്മരിക്കും
മീനച്ചിൽ താലൂക്കിലെ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായി രൂപംകൊണ്ട ഇന്ദിരാ പ്രിയദർശിനി ഫോറത്തിന്റെ ഉദ്ഘാടനം ഈ വരുന്ന സെപ്റ്റംബർ 29-ന് നടക്കും. ജനാധിപത്യം, ദേശീയത, മതേതരത്വം, സമത്വം, സാമൂഹികനീതി തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും അതിനെതിരെയുള്ള നീക്കങ്ങളെ ചെറുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഫോറം രൂപീകരിച്ചിരിക്കുന്നത്. ഫോറത്തിന്റെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരൻ നിർവ്വഹിക്കും.
ഉദ്ഘാടന യോഗത്തോടനുബന്ധിച്ച്, സ്വാതന്ത്ര്യസമരസേനാനിയും മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ മധ്യപ്രദേശ് ഗവർണറുമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടിയുടെ അനുസ്മരണ പ്രഭാഷണം നടക്കും. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ആണ് പ്രഭാഷണം നടത്തുന്നത്
ചടങ്ങിൽ വെച്ച്, പ്രമുഖ വ്യക്തികളെ ആദരിക്കുന്നുണ്ട്. കേരള സാഹിത്യ അക്കാദമി ബുക്ക് ഓഫ് റിക്കാർഡ്സ് അവാർഡ് ജേതാവ് ശ്രീമതി അന്നമ്മ ഡാനിയൽ, കൂടാതെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഒന്നാംറാങ്ക് നേടിയ കുമാരി നേഹ ഹന്ന ഡാനിയേൽ എന്നിവരെയാണ് ആദരിക്കുന്നത്. പാലാ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഡ്വ: പി.ജെ ജോണി (ചെയർമാൻ), അഡ്വ: ചാക്കോ തോമസ് (കൺവീനർ), കെ.സി ചാണ്ടി, അഡ്വ: കെ.സി ജോസഫ് എന്നിവർ പങ്കെടുത്തു.












