ഭുവനേശ്വര്‍ : അവസാന നിമിഷങ്ങളില്‍ സ്പെയ്ന്‍ വിറപ്പിച്ചെങ്കിലും രണ്ട് ഗോള്‍ ജയവുമായി ഇന്ത്യ ഹോക്കി ലോകകപ്പില്‍ തുടങ്ങി. അമിത് റോഹിദാസും ഹാര്‍ദിക് സിങ്ങും ഇന്ത്യക്കായി ഗോളടിച്ചു. പൂള്‍ ഡിയില്‍ വെയ്ല്‍സിനെ അഞ്ച് ഗോളിന് തോല്‍പ്പിച്ച ഇംഗ്ലണ്ടാണ് ഒന്നാമത്. ഇന്ത്യ രണ്ടാമതും.
ആദ്യ രണ്ടു ക്വാര്‍ട്ടറിലും തകര്‍പ്പന്‍ കളി പുറത്തെടുത്ത ഇന്ത്യ അവസാന രണ്ടു ക്വാര്‍ട്ടറില്‍ അവസരങ്ങള്‍ തുലയ്ക്കുകയായിരുന്നു.
ആദ്യ ക്വാര്‍ട്ടറിന്റെ അവസാന നിമിഷങ്ങളിലാണ് ഇന്ത്യ കളിയിലെത്തിയത്. ആദ്യ പെനല്‍റ്റി കോര്‍ണര്‍ ജര്‍മന്‍പ്രീതിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നാലെ രണ്ടാമത്തെ പെനല്‍റ്റി കോര്‍ണര്‍ കിട്ടി. ഇക്കുറി ഹര്‍മന്‍പ്രീതിന്റെ ഫ്ലിക്ക് തട്ടിത്തെറിച്ചു. കിട്ടിയത് റോഹിദാസിന്. കൃത്യമായി വലയിലേക്ക്, ഇന്ത്യ ഒരു ഗോളിനു മുന്നില്‍. രണ്ടാം ക്വാര്‍ട്ടറില്‍ പി ആര്‍ ശ്രീജേഷിനുപകരം ഗോള്‍ കീപ്പറായി കൃഷന്‍ പതക് എത്തി. സ്പെയ്നിന്റെ ഒരു പെനല്‍റ്റി കോര്‍ണര്‍ തടുക്കുകയും ചെയ്തു പതക്.
രണ്ടാംപകുതിയുടെ അവസാന നിമിഷങ്ങളില്‍ ഇന്ത്യ ആഞ്ഞടിച്ചു. ഇടതുവശത്തായിരുന്നു ആക്രമണം. ഒടുവില്‍ സ്പാനിഷ് പ്രതിരോധത്തെ മറികടന്ന് ഹാര്‍ദിക് ഇന്ത്യയുടെ ലീഡ് വര്‍ധിപ്പിച്ചു.രണ്ട് ഗോള്‍ ആധിപത്യം മുതലാക്കാന്‍ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. പെനല്‍റ്റി സ്ട്രോക്ക് പാഴായത് നിരാശയായി. ആകാശ്ദീപ് സിങ്ങാണ് പെനല്‍റ്റി സ്ട്രോക്ക് നേടിയെടുത്തത്. സ്ട്രോക്ക് എടുത്തത് ഹര്‍മന്‍പ്രീത് സിങ്ങും. പക്ഷേ, ലക്ഷ്യംകണ്ടില്ല. തുടര്‍ന്ന് രണ്ട് പെനല്‍റ്റി കോര്‍ണറുകള്‍ കിട്ടിയെങ്കിലും കാര്യമുണ്ടായില്ല.
അഭിഷേക് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തിരുന്നതിനാല്‍ അവസാന 10 മിനിറ്റ് 10 പേരുമായാണ് ഇന്ത്യ കളിച്ചത്. ഗോള്‍ കീപ്പര്‍ പതക്കിന്റെ തകര്‍പ്പന്‍ പ്രകടനം അവസാന നിമിഷങ്ങളില്‍ ഇന്ത്യയെ കാത്തു. 15ന് ഇംഗ്ലണ്ടുമായാണ് അടുത്ത കളി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision