ഖത്തർ: ക്രൊയേഷ്യൻ ഫുട്‌ബോൾ ടീം അംഗങ്ങൾക്കായി ഖത്തറിൽ ദിവ്യബലി അർപ്പിച്ച് ക്രൊയേഷ്യൻ വൈദീകൻ. ജപ്പാനുമായുള്ള പ്രീ ക്വാർട്ടർ മത്‌സര ദിനത്തിൽ അർപ്പിച്ച ദിവ്യബലിക്ക് ക്രോയേഷ്യയിലെ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ ‘ഔർ ലേഡി ഓഫ് ബിസ്ട്രിക്ക’ റെക്ടർ ഫാ. ഡൊമാഗോജ് മറ്റോസെവിക്കാണ് കാർമികത്വം വഹിച്ചത്. ഫിഫ ലോകകപ്പിലെ നിർണായക മത്‌സരത്തിന് മുന്നോടിയായി ദിവ്യബലി അർപ്പിക്കാൻ അദ്ദേഹം ക്രൊയേഷ്യയിൽനിന്ന് ഖത്തറിൽ എത്തുകയായിരുന്നു.അന്നേദിനം പ്രഭാത ഭക്ഷണം കഴിഞ്ഞയുടൻ ടീം അംഗങ്ങൾ ദിവ്യബലിയിൽ പങ്കെടുക്കാൻ അതിനായി ക്രമീകരിച്ച ഹാളിൽ എത്തുകയായിരുന്നുവെന്ന് ക്രൊയേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൗരോഹിത്യം സ്വീകരിക്കുംമുമ്പ് അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ഹാൻഡ്‌ബോൾ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു ഫാ. ഡൊമാഗോജ് മറ്റോസെവിക്.കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ ക്രൊയേഷ്യയിലെ ഫുട്‌ബോൾ ടീം അംഗങ്ങളിൽ ഭൂരിപക്ഷവും കത്തോലിക്കാ വിശ്വാസികളാണ്. മാത്രമല്ല, ടീം പരിശീലകൻ സ്ലാറ്റ്കോ ഡാലിക് തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ മടിയില്ലാത്ത വ്യക്തിയുമാണ്. ഫിഫ ലോകകപ്പിന് മുന്നോടിയായി വിഖ്യാത മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയയിലേക്ക് കാൽനട തീർത്ഥാടനം നടത്തിയത് വലിയ വാർത്തയായിരുന്നു.ദൈവമാതാവ് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിച്ചും ക്രിസ്തുവിലുള്ള വിശ്വാസം പ്രഘോഷിച്ചും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അദ്ദേഹം തന്നെയാണ് കാൽനട തീർത്ഥാടനത്തിന്റെ വാർത്ത പരസ്യമാക്കിയത്. തന്റെ ടീം മത്സരത്തിലായിരിക്കുന്ന സമയത്തെല്ലാം കളിക്കളത്തിന് സമീപമായിരുന്ന് ഡാലിക് ജപമാല ചൊല്ലുന്ന രംഗങ്ങൾ പലപ്പോഴും കാമറയിലൂടെ ലോകം കണ്ടിട്ടുണ്ട്. ക്ലേശ സമയങ്ങളിൽ ജപമാലയാണ് തന്നെ ശക്തിപ്പെടുത്തുന്നതെന്ന അദ്ദേഹത്തിന്റെ സാക്ഷ്യവും ശ്രദ്ധേയമാണ്.