കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. കേന്ദ്രത്തിന്റെ നിലപാട് “അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്നതാണ്” എന്ന് കോടതി നിരീക്ഷിച്ചു.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ താൽപര്യമില്ലെങ്കിൽ അത് തുറന്നുപറയാനുള്ള ആർജവം കേന്ദ്രം കാണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. “അധികാരമില്ല” എന്ന ന്യായം പറയരുത്. കേന്ദ്രസർക്കാർ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കൈമാറാനും കോടതി നിർദേശിച്ചു.
ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ദുരിതബാധിതർക്ക് കേന്ദ്രം പണം അനുവദിച്ച കാര്യം കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. കേന്ദ്രസർക്കാരിന് ഈ വിഷയത്തിൽ അധികാരമില്ലെന്നാണോ പറഞ്ഞുവരുന്നതെന്നും ഹൈക്കോടതി ചോദിച്ചു.












