കടപ്ലാമറ്റം: വിജ്ഞാനത്തിന്റെ ഒൻപത് പതിറ്റാണ്ടുകൾ പിന്നിടുന്ന കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ നവതി ആഘോഷങ്ങളുടെയും സ്‌കൂൾ വാർഷികത്തിന്റെയും ഉദ്ഘാടനം വിപുലമായ പരിപാടികളോടെ നടന്നു. ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹിന്ദി വിഭാഗം അധ്യാപകൻ ശ്രീ. സോണി തോമസിന് ചടങ്ങിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.
സ്‌കൂൾ പത്താം പീയൂസ് ഹാളിൽ നടന്ന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ റവ. ഫാ. ജോസഫ് മുളഞ്ഞനാൽ അധ്യക്ഷത വഹിച്ചു. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക് വിരമിക്കുന്ന അധ്യാപകൻ സോണി തോമസിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബോണി കുര്യാക്കോസ് മെമെന്റോ സമർപ്പണവും അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോസഫ് തേവർപറമ്പിൽ സ്കോളർഷിപ്പ് വിതരണവും നിർവഹിച്ചു. ഹെഡ്മാസ്റ്റർ സോജൻ ജേക്കബ്, പിടിഎ പ്രസിഡന്റ് ജോതിഷ് കോക്കപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ‘സർഗ്ഗലയം’ കലാപരിപാടികളും അരങ്ങേറി.












