നടുവേദനയ്ക്കുള്ള നൂതന ശസ്ത്രക്രിയ രീതി ഒരുക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ പാലാ: അൻപത്തി അഞ്ച് വയസ്സ് പ്രായമുള്ള ഇടുക്കി സ്വദേശി ആയ സ്ത്രീക്ക് നട്ടെല്ലിന്റെ ഡിസ്ക് തകരാർ മൂലം ഉണ്ടായ വിട്ടു മാറാത്ത നടുവേദനയും കാലുകളിലേക്കുള്ള വേദനയും നൂതന ശസ്ത്രക്രിയ രീതിയിലൂടെ പൂർണ്ണമായി സുഖപ്പെടുത്തി. മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ന്യൂറോസർജറി വിഭാഗം ഡോക്ടർമാരാണ് ജനറൽ അനസ്തേഷ്യ ഒഴിവാക്കിയുള്ള പെൽഡ് (പെർക്യുട്ടേനിയസ് എൻഡോസ്കോപ്പിക് ട്രാൻസ്ഫോറാമിനൽ ലംബാർ ഡിസെക്ടമി) എന്ന ചികിത്സാ രീതിയുടെ പ്രയോജനം രോഗിക്ക് നൽകിയത്. നട്ടെല്ലിലെ ഡിസ്ക് സംബന്ധമായ തകരാർ മൂലം ആണ് രോഗിക്ക് നടുവേദന തുടങ്ങിയത്. ഡിസ്ക് പുറത്തേക്ക് തള്ളിവരികയും അത് ഞരമ്പിന്മേൽ സമ്മർദം ചെലുത്തുകയും ചെയ്തതിനെ തുടർന്നായിരുന്നു നടുവേദനയും അതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തത്. വേദന മൂർച്ഛിച്ച അവസരത്തിൽ ആണ് രോഗിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചത്. എം.ആർ.ഐ സ്കാൻ ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗിയെ വിശദമായ പരിശോധിച്ച ന്യൂറോസർജറി വിഭാഗം ഡോക്ടർമാരായ ഡോ. ശ്യാം ബാലസുബ്രമണ്യനും, ഡോ. അരുൺ ബാബുവും, ഡോ സുശാന്തും രോഗിക്ക് ശസ്ത്രക്രിയ വേണം എന്ന് നിർദേശിക്കുകയായിരുന്നു. പഴയ രീതിയിലുള്ള സർജറി നട്ടെല്ലിന്റെ മധ്യത്തിലൂടെ പോയി എല്ലിനെയും ലിഗമെൻസിനെയും നീക്കം ചെയ്താണ് ഡിസ്കിനടുത്തേക്ക് എത്തുന്നത്. അങ്ങനെ പോകുമ്പോൾ നട്ടെല്ലിന്റെ കുറച്ചു ഭാഗങ്ങളൾ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. ശസ്ത്രക്രിയക്ക് ശേഷം ദീർഘകാലത്തെ വിശ്രമവും ആവശ്യമാണ്. ഇതൊക്കെ പരിഗണിച്ചാണ് രോഗിക്ക് പെൽഡ് എന്ന ശസ്ത്രക്രിയ രീതി തിരഞ്ഞെടുത്തത് എന്ന് ഡോ. ശ്യാം ബാലസുബ്രമണ്യൻ പറഞ്ഞു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തീർത്ത ശസ്ത്രക്രിയക്ക് ശേഷം അടുത്ത ദിവസം തന്നെ രോഗിയെ ഡിസ്ചാർജ് ചെയ്യാൻ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. പെൽഡിലൂടെയുള്ള ശസ്ത്രക്രിയയിൽ രോഗിയെ അനസ്തേഷ്യയ്ക്ക് വിധേയമാക്കുന്നില്ല. ലോക്കൽ അനസ്തേഷ്യയിലൂടെ മരവിപ്പിച്ചാണ് ഓപ്പറേഷൻ ചെയ്യുന്നത്. അതുകൊണ്ട് രോഗി ഓപ്പറേഷൻ സമയത്ത് ഉണർന്നിരിക്കും. എൻഡോസ്കോപ്പ് കടത്തിയുള്ള ചികിത്സയായതുകൊണ്ട് രക്തം അധികം നഷ്ടപ്പെടുകയുമില്ല എന്ന് ഡോ. സുശാന്ത് പറഞ്ഞു. അനസ്തേഷ്യ വിഭാഗം ഡോ. അഭിജിത്ത് കുമാർ ശാസ്ത്രക്രിയയിൽ ഉടനീളം രോഗിയെ വിദഗ്ധമായി പരിപാലിച്ചു. ഈ ആധുനിക രീതിയിൽ ഉള്ള ശസ്ത്രക്രിയ സേവനങ്ങൾ നൽകാൻ സാധിക്കുന്നതിലൂടെ രോഗികൾക്ക് ആശുപത്രി വാസം കുറയ്ക്കാനും, വളരെ വേഗം സാധാരണ നിലയിൽ ഉള്ള ജീവിതത്തിൽ എത്തുവാനും സാധിക്കുന്നു എന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അഭിപ്രായപ്പെട്ടു. ഫോട്ടോ ക്യാപ്ഷൻ : പെൽഡ് ശസ്ത്രക്രിയയിലെ മുറിവ്
നടുവേദനയ്ക്കുള്ള നൂതന ശസ്ത്രക്രിയ രീതി ഒരുക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ
Date: