(വി.യോഹന്നാൻ : 20:1-18)
നിത്യജീവനിലേയ്ക്കുള്ള പ്രത്യാശയുടെ ഒളിമങ്ങാത്ത ഓർമ്മ നമുക്ക് നൽകിക്കൊണ്ട് ദു:ഖവെള്ളിയും ദു:ഖ ശനിയും കഴിഞ്ഞ് നാമിന്ന് ഉയർപ്പ് തിരുന്നാൾ ആഘോഷിക്കുകയാണ്.യേശുവിന്റെ ഉത്ഥാനത്തിന്റെ ഉദാരതയും ഉദാത്തതയും നവീനതയുമാണ് ഉയിർപ്പു തിരുന്നാളിന്റെ കാതൽ.
ജീർണ്ണതയിൽ നിന്നും ജീവനിലേക്കുoമർത്യതയിൽ നിന്ന് അമർത്യത യിലേക്കും ഉള്ള ഉണർവിന്റെ ദൂത്, പുതിയൊരു ജീവിതത്തിന് നാന്ദി കുറിക്കാനുള്ള ആഹ്വാനം.
വേദനയ്ക്ക് വേതനം ഉണ്ടെന്നുള്ള സദ്വാർത്ത , വേദനയുടെ വേദാന്തമാണ് ഉയിർപ്പ് . ഉത്ഥാനാനുഭവം ക്രിസ്തു സ്നേഹത്തിന്റെ ഏറ്റവും ഹൃദയസ്പർശിയായ ആവിഷ്കാരമാണ്.
ഉയർപ്പ് നൽകുന്ന ഏറ്റവും വലിയ ആശ്വാസം ക്രിസ്തു അവസാനമായി യാത്രാമൊഴി പോലെ നൽകുന്ന ഉറപ്പാണ് “യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും “
വി. മത്തായി :28 : 20) ക്രിസ്തുനൽകുന്ന ഏറ്റവും വലിയ അനുഗ്രഹം ഇതുതന്നെയാണ് , അവന്റെ സാന്നിധ്യം.
എപ്പോഴും കൂടെ ആയിരിക്കുന്നതാണ് സ്നേഹത്തിന്റെ ഏറ്റവും വലിയ ഭാവം . എപ്പോഴും കൂടെ ഉണ്ടാവുക -അത് നമ്മുടെ ഈ ഭൂമിയിൽ ജീവിതം അവസാനിക്കുന്നത് വരെ .സാന്നിധ്യത്തെ കാൾവലിയ സമ്പത്ത് ഭൂമിയിലല്ല .സന്തോഷത്തിലും കഷ്ടതയുടെ കാലത്തും തമ്പുരാൻ കൂടെ ഉണ്ടെന്ന ഉറപ്പാണത്.
മഗ്ദലനാ മറിയം
ശൂന്യമായ കർത്താവിന്റെ കല്ലറയ്ക്കു മുന്നിൽ പകച്ചു നിന്ന മറിയത്തിന്റെ സ്നേഹ തീവ്രത ക്രിസ്തു കണ്ടു. ഉത്ഥാനം യുക്തിയിൽ വെളിവാക്കപ്പെടുന്ന രഹസ്യമല്ല, ആർദ്ര സ്നേഹത്തിൽ വെളിവാക്കപ്പെടുന്ന സത്യമാണ്.
പത്രോസും യോഹന്നാനും
മറിയത്തിന്റെ സാക്ഷ്യം കേട്ട് കല്ലറയിലേക്ക് ഓടിയവർ.ക്രിസ്തുവിനെ കാൽവരിയോളം അനുഗമിച്ച യോഹന്നാൻ കൂടുതൽ വേഗത്തിൽ ഓടി എങ്കിലും കല്ലറയിങ്കൽ കാത്ത് നിന്ന് ശിഷ്യ പ്രമുഖന് ശ്രേഷ്ഠ സ്ഥാനം കൈമാറുന്നുണ്ട്.
വലുതായി കരുതാം അപരനെ നമ്മുടെ ചുരുങ്ങിയ ജീവിതത്തിൽ .
ഉത്ഥാന തിരുനാൾ മംഗളങ്ങൾ