പുതുക്കിയ ജിഎസ്ടി നിരക്ക് നിലവിൽ വന്നതോടെ ജനങ്ങൾക്ക് പ്രതീക്ഷയിലാണെങ്കിലും സംസ്ഥാന സർക്കാർ ആശങ്കയിലാണ്. സംസ്ഥാനത്തിന്റെ വരുമാനത്തിൽ 8000 കോടി രൂപ വരെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്.
പഴയ ജിഎസ്ടി നിരക്ക് അനുസരിച്ച് തയ്യാറാക്കിയ സംസ്ഥാന ബജറ്റ് ഉൾപ്പെടെ തകിടം മറിയും. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണമെന്നാണ് ആവശ്യം. ഒരു ഉൽപന്നത്തിൽ ഈടാക്കുന്ന GST-യുടെ പകുതി സംസ്ഥാനത്തിന് അർഹതപ്പെട്ടതാണ്. അതായത് 28 ശതമാനം ജിഎസ്ടി ഈടാക്കിയാൽ അതിൽ പകുതി, 14 ശതമാനം നികുതി സംസ്ഥാനത്തിന് ലഭിക്കും.
എന്നാൽ പുതുക്കിയ നിരക്ക് പ്രകാരം മുൻപ് 28 ശതമാനം വരെ ഇടാക്കിയിരുന്ന ജിഎസ്ടി 18 ശതമാനമോ, 5 ശതമാനമോ, പൂജ്യം ആയോ കുറയും. സ്വാഭാവികമായും സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി കുറയും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻ്റ് ടാക്സേഷൻ സംസ്ഥാന സർക്കാരിന് വേണ്ടി നടത്തിയ പഠനത്തിൽ 7803 കോടി രൂപയുടെ നഷ്ടമാണ് മുന്നിൽ കാണുന്നത്.












