ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച സർക്കാർ നിലപാട് തികച്ചും പ്രതിഷേധാർഹമെന്ന് എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ വെട്ടിയത് 80:20 അനുപാതത്തിലെ അനീതി തിരുത്തിച്ചതിലുള്ള കുടിപ്പകയാണ് എന്ന സംശയം സംഘടന ഉയർത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്രൈസ്തവർക്ക് യാതൊരു വിധ ആനുകൂല്യങ്ങളും കിട്ടാതിരിക്കാൻ ഉള്ള പല ശ്രമങ്ങളിൽ ഒരു ശ്രമമാണിത്.
ന്യൂനപക്ഷങ്ങൾക്കുവേണ്ടി കോടികണക്കിന് രൂപ വകയിരുത്തിയിരുന്ന കാലയളവിൽ 80:20 അനുപാതത്തിലാണ് അവ വിതരണം ചെയ്തിരുന്നത്. ആ അനുപാതം ഭരണഘടന വിരുദ്ധമാണ് എന്ന് ഹൈക്കോടതിയിൽ നിന്ന് നിരീക്ഷണം വരികയും വിധികൾ പുറപ്പെടുവിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായി നൽകേണ്ടി വന്നതോടു കൂടെ സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്ന് ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയിട്ടുള്ള തുക വെട്ടിച്ചുരുക്കിയത് സംശയാസ്പദം തന്നെയാണ്. ഇതിൻറെ പിന്നിൽ എന്തെങ്കിലും ശക്തികൾ പ്രവർത്തിക്കുന്നുണ്ടോ എന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. ഭീകരമായ വിവേചന രാഷ്ട്രീയത്തിലൂടെയാണ് കേരളത്തിലെ ക്രൈസ്തവർ കടന്നുപോകുന്നതെന്നും, അതിനാൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിയ സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും യോഗം വ്യക്തമാക്കി.