(വി. ലൂക്കാ:22:63 -23-12 + വി.മത്തായി :27:19 + വി. ലൂക്കാ: 22:13 – 23 + വി.മത്തായി :27:24 – 25- വി.ലൂക്കാ: 23:24 – 45 + വി.മത്തായി : 27:51-54 + വി. യോഹന്നാൻ :19:23 – 42)
കുരിശ് വിചാരങ്ങൾ
-യൂദന്മാരുടെ രാജാവായ നസ്രായക്കാരൻ ഈശോ (INRI)- ക്രിസ്തുവിന്റെ ദൈവ സ്വഭാവവും മനുഷ്യ സ്വഭാവവും വ്യക്തമാക്കുന്ന ശീർഷകമാണത്. എനിക്കായി കുരിശിൽ മരിച്ച എന്റെ രാജാവ് എന്ന ചിന്ത ഹൃദയത്തിലുണ്ടാകട്ടെ.
കുരിശ്
സകലത്തിന്റെയും രക്ഷയും വീണ്ടെടുപ്പും കുരിശിലായി. ഇടറുന്നവന്റെയും വീഴുന്നവന്റെയും പ്രതീക്ഷയുടെ അടയാളമാണത്. “ഞങ്ങളുടെ ഏക പ്രത്യാശയായ കുരിശേ വാഴ്ക ” എന്ന പ്രാർത്ഥന ജീവിതബന്ധിയാക്കാം.
മുൾക്കിരീടം
മുൾക്കിരീടം വിജയകിരീടമാക്കിയവനാണ് ക്രിസ്തു .ജീവിത സഹനങ്ങളുടെ മുൾക്കിരീടം നല്കുന്ന നൊമ്പരം വിജയകിരീടമായി നിത്യജീവന്റെ അച്ചാരമായി മാറ്റപ്പെടും.
ചാട്ടവാർ
കൽത്തൂണിൽ കെട്ടപ്പെട്ട ക്രിസ്തുവിന്റെ ചമ്മട്ടിയടിയേറ്റ മുഖം ജീവിത പ്രഹരങ്ങളെ സ്വീകരിക്കാൻ ശക്തി പകരണം. ഒരു കുറ്റവും കാണാതിരുന്നിട്ടു കൂടി ചമ്മട്ടി അടിയേല്ക്കപ്പെടാൻ വിധിക്കപ്പെട്ടവനാണ് ഗുരുവെന്ന് ഓർക്കുക. വാക്കിലും പ്രവർത്തിയിലുമെല്ലാം ഏല്പിക്കപ്പെടുന്ന പ്രഹരങ്ങൾക്ക് അടിയേറ്റ തമ്പുരാന്റെ കാൽവരി ഉത്തരമാണെന്നു കൂടി ഉറപ്പിക്കുക.
ആണികൾ
കുരിശ് എന്റെ ജീവിതത്തിന്റെ ഘടകമാകുമ്പോൾ കുരിശോട് ചേർത്തു നിർത്തുന്ന ആണികൾ അനിവാര്യതയാണ്. പൗലോസിനെ നോവിച്ച മുള്ള് പോലെ ചില ആണിപ്പഴുതുകൾ ജീവിതത്തെ അസഹ്യപ്പെടുത്തുമ്പോൾ ക്രൂശിതന്റെ ആണിപ്പഴുതുകൾ നമുക്ക് ബലമേകും.
കുരിശ് വഹിച്ച ശിമയോനും ക്രൂശിതന്റെ തിരുമുഖം തുടച്ച വേറോനിക്കയും നമ്മുടെ ജീവിത വഴിയിൽ നാം ഏറ്റെടുക്കേണ്ട രണ്ട് ദൗത്യങ്ങൾ ആണ്. കുരിശ് വഹിക്കുമ്പോൾ തളരുന്ന യേശു മുഖങ്ങൾക്ക് നിന്റെ തോൾ സ്വാന്തനമാകട്ടെ. ശരിയായ ചിത്രം (True Icon ) എന്ന അർത്ഥം വരുന്ന വേറോനിക്ക എന്ന നാമം ക്രിസ്തു മുഖം അപരനിൽ ദർശിക്കാൻ നിന്നെ പ്രാപ്തനാക്കട്ടെ.