യേശുവിന്റെ ഉപമകളുടെ ഒരു പ്രത്യേകത, അവ ആലങ്കാരികമോ, സാങ്കല്പിക്കാമോ ആയ രീതിയിൽ കാര്യങ്ങൾ പറയുക എന്നതിനേക്കാൾ, യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്ന രീതിയിൽ വസ്തുതകളെ വിശദീകരിക്കാനായി ഉപയോഗിക്കപ്പെട്ടിരുന്നവയാണ് എന്നതാണ്
. ചിലപ്പോഴൊക്കെ അവ കേൾവിക്കാരന്റെ ശ്രദ്ധയെയും ജിജ്ഞാസയെയും ആകർഷിക്കാനായി അസാധാരണമായ പ്രത്യേകതകൾ ഉള്ളവയായിരിക്കാം എന്ന് മാത്രം. പഴയ കാലത്ത് പലസ്തീനാ പ്രദേശത്ത് നടത്തിയിരുന്ന കൃഷിയുടെ ഒരു പ്രത്യേകത, അവിടെ വിത്ത് വിതച്ചതിന് ശേഷമായിരുന്നു നിലമുഴുന്നത് എന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ കുറെയധികം വിത്ത് നല്ല നിലത്തുനിന്ന് അകലെ തെറിച്ച് വീണ് ഉപകാരമില്ലാതെ നഷ്ടപ്പെട്ടുപോയേക്കാം. എന്നാൽ ഉഴുത നിലത്തുവീണ വിത്ത് ഏറെ ഫലം പുറപ്പെടുവിച്ചിരുന്നു. യേശു തന്റെ ഉപമയിൽ പറയുന്നതുപോലെ മുപ്പത് മേനിയും, അറുപത് മേനിയും, നൂറ് മേനിയും വിളവ് നൽകിയിരുന്ന നല്ല നിലമായിരുന്നു അത്. ഈ ഉപമയുടെ സാരാംശം ഇതാണ്, വരുവാനിരിക്കുന്ന ദൈവാരാജ്യത്തെക്കുറിച്ച് യേശു നൽകുന്ന സുവിശേഷസന്ദേശത്തിന്റെ വിത്ത്, വിശ്വാസത്തോടുള്ള എതിർപ്പുകൾ കാരണവും, ദൈവത്തെക്കുറിച്ചുള്ള നിസംഗത മൂലവും ശ്രദ്ധിക്കപ്പെടാതെയോ സ്വീകരിക്കപ്പെടാതെയോ പോയേക്കാം. എന്നാൽ ദൈവവചനത്തിലൂടെ, ദൈവപുത്രനിലൂടെ വിതയ്ക്കപ്പെട്ട രക്ഷയുടെ, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം ഈ ലോകത്ത് വലിയ സദ്‌ഫലങ്ങൾ പുറപ്പെടുവിക്കുമെന്ന ഉറപ്പുകൂടിയാണ് ഈ ഉപമയിലൂടെ യേശു പറഞ്ഞുവയ്ക്കുന്നത്.
ഉപമകൾ ഉപയോഗിക്കപ്പെടുമ്പോൾ ഉള്ള ഒരു പ്രത്യേകത, അവ മനസ്സിലാക്കുവാൻ കേൾവിക്കാരന് കഴിവുണ്ടായിരിക്കണം എന്നതാണ്. യഹൂദവംശം പോലെയുള്ള സെമിറ്റിക് വിഭാഗങ്ങളിൽ, മനസ്സിലാക്കാനുള്ള കഴിവ് നൽകുന്നത് ദൈവമാണെന്ന് കരുതിയിരുന്നു. എന്നാൽ ആ കഴിവ് ഒരുവന് നിഷേധിക്കുന്നതും ദൈവമാണെന്നാണ് അവർ കരുതിയിരുന്നത്. “നീ അവരോട് ഉപമകൾ വഴി സംസാരിക്കുന്നതെന്തുകൊണ്ട്?” (മത്തായി 13, 10; ലൂക്ക 8, 9-10) എന്ന ശിഷ്യന്മാർ യേശുവിനോട് ചോദിക്കുമ്പോൾ അവൻ നൽകുന്ന ഉത്തരവും ഈയൊരു ചിന്തയോടടുത്ത് പോകുന്നതാണ്: “സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയാനുള്ള വരം നിങ്ങൾക്കാണ് ലഭിച്ചിരിക്കുന്നത്. അവർക്ക് അത് ലഭിച്ചിട്ടില്ല”
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision