മുത്തുവിന് സൗജന്യ ചികിത്സ വാഗ്ദാനം നൽകി പാലാ മാർ സ്ലീവാ മെഡിസിറ്റി

പല്ലിന്റെ തകരാർ മൂലം സർക്കാർ ജോലി നഷ്ടപ്പെട്ട പുതൂർ ആനവായ് ഊരിലെ വെള്ളിയുടെ മകൻ മുത്തുവിന് സൗജന്യ ചികിത്സ നൽകാൻ ഒരുക്കം ആണെന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റി അധികൃതർ അറിയിച്ചു. ചെറുപ്രായത്തിലെ വീഴ്ചയിൽ പല്ലിനുണ്ടായ തകരാർ കാരണം സർക്കാർ ജോലി നഷ്ടം ആയ മുത്തുവിന്റെ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സാമൂഹിക പ്രവർത്തകരും, വനം വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് മുത്തുവിന് വേണ്ട സൗജന്യ ചികിത്സയും മറ്റു സഹായങ്ങളും ആശുപത്രി അധികൃതർ വാഗ്ദാനം ചെയ്തതെന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്‌ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അറിയിച്ചു.

മുത്തുവിന്റെ പല്ലിന് ജന്മനായുള്ള തകരാർ അല്ലാത്തതിനാൽ വിശദമായ പരിശോധനകൾ വേണ്ടി വരുമെന്നും തുടർന്ന് ഏറ്റവും അനുയോജ്യമായ ചികിത്സ തന്നെ നൽകാൻ സാധിക്കുമെന്നും മാർ സ്ലീവാ മെഡിസിറ്റിയിലെ ഡെന്റൽ & മാക്സിലോഫേഷ്യൽ സർജറി വിഭാഗം മേധാവി ഡോ. മാത്യു ജെയിംസ് അഭിപ്രായപ്പെട്ടു. എക്സ്റേ എടുത്തതിനു ശേഷം ലളിതമായ ദന്ത ക്രമീകരണം തുടങ്ങി മാക്സിലോഫേഷ്യൽ ശസ്ത്രക്രിയ വരെ ഇതിനു പരിഹാരം ആകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് പി.എസ്.സി സ്‌പെഷൽ നിയമനത്തിൽ എഴുത്തു പരീക്ഷയും കായികക്ഷമത പരീക്ഷയും പൂർത്തിയാക്കിയാണ് മുത്തു മുഖാമുഖം വരെ എത്തിയത്. ഇതിന് മുന്നോടിയായുള്ള ശാരീരികക്ഷമത പരിശോധന സർട്ടിഫിക്കറ്റിൽ ഡോക്ടർ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. അതിനാൽ അവസരവും നഷ്ടമായി. വനത്തിനകത്തെ ഗോത്ര ഊരിലുള്ള അസൗകര്യങ്ങളും പണമില്ലാത്തതും കാരണമാണ് വീഴ്ചയെ തുടർന്ന് തകരാറിലായ പല്ല് ചികിൽസിക്കാൻ കഴിയാതിരുന്നതെന്നാണ് മുത്തുവിന്റെ മാതാപിതാക്കൾ പറഞ്ഞത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision