ഇടുക്കി: 2023 ജനുവരി 16ന് തോപ്രാംകുടി ജ്യോതി ഭവൻ ജനറലേറ്റ് ഹൗസിൽ വെച്ച് ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ ഗ്ലൈഹീക ആശീർവാദത്താൽ ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് ദി ഡിസറ്റിറ്റ്യൂട്ട് (FSD) സന്ന്യാസിനീസമൂഹത്തിലെ 2 നവസന്ന്യാസിനിമാർ ആദ്യവ്രതവാഗ്ദാനം നടത്തുകയും സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു. തദവസരത്തിൽ 6 സന്ന്യാസിനിമാർ നിത്യവ്രതവാഗ്ദാനവും നടത്തി.

“എന്റെ ഏറ്റവും എളിയവരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത്” (മത്തായി 25:40) എന്ന ക്രിസ്തുദർശനം ഹൃദയത്തിൽ സ്വീകരിച്ച അറയിൽ ഫ്രാൻസിസച്ചനാൽ (OFM Cap.) സ്ഥാപിതമായതാണ് ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് ദി ഡിസറ്റിറ്റ്യൂട്ട് (FSD) എന്ന സന്യാസിനി സമൂഹം. ഒറ്റപ്പെട്ടും മുറിപ്പെട്ടും അവഗണിക്കപ്പെട്ടും കഴിയുന്ന മാനസിക വൈകല്യമുള്ളവർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ, ചൂഷണത്തിനിരയായ സ്ത്രീകൾ, കുഞ്ഞുങ്ങൾ, അനാഥർ തുടങ്ങിയവർക്ക് അഭയവും പുനരധിവാസവും പ്രത്യാശയും നൽകുന്നതിനായി സേവനസന്നദ്ധരായവരാണ് FSD സഹോദരിമാർ.

2005 മെയ് 15നു ഇടുക്കി രൂപതയിലെ തോപ്രാംകുടിയിൽ അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ആശിർവാദം വഴി രൂപിതമായ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദി ഡിസറ്റിറ്റ്യൂട്ട് (FSD) സന്ന്യാസിനി സമൂഹം 2019 ഏപ്രിൽ 23ന് രൂപതാ കോൺഗ്രിഗേഷൻ ആയി തീർന്നു. ഇപ്പോൾ 50 ഓളം സന്ന്യാസിനികൾ ഈ സമൂഹത്തിൽ ഉണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
