യുദ്ധക്കെടുതിയിലായ യുക്രൈൻ ജനത്തിന് അന്നവും അഭയവുമേകി പോളണ്ടിലെ കത്തോലിക്കാ സഭ; ഇതുവരെ സഹായങ്ങൾ ലഭ്യമായത് 20 ലക്ഷത്തിൽപ്പരം പേർക്ക്
ക്രാക്കോ: യുക്രൈനിലെ റഷ്യൻ ആക്രമണം ഒരു വർഷം പിന്നിടുമ്പോഴും, യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രേനിയൻ ജനതയ്ക്ക് എണ്ണമില്ലാത്തവിധം സഹായങ്ങൾ തുടർന്ന് പോളണ്ടിലെ കത്തോലിക്കാ സഭ. ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ലഭ്യമാക്കിയും അവരുടെ മാനസിക ആരോഗ്യ സംരക്ഷണത്തിനായുള്ള പദ്ധതികൾ നടപ്പാക്കിയും പോളണ്ടിലെ കത്തോലിക്കാ സഭ നടത്തുന്ന സേവനങ്ങൾ അന്താരാഷ്ട്രതലത്തിൽതന്നെ ചർച്ചയാണിന്ന്. യുദ്ധക്കെടുതികളിൽ പകച്ചുനിൽക്കുന്ന യുക്രേനിയൻ ജനതയ്ക്ക് പിന്തുണയും പ്രത്യാശയും പകരുന്ന പോളിഷ് ജനതയ്ക്ക് ഫ്രാൻസിസ് പാപ്പ നന്ദി രേഖപ്പെടുത്തിയതും ശ്രദ്ധേയമായി.
യുദ്ധം പൊട്ടിപ്പുറപ്പെട്ട ദിനംതന്നെ, പോളിഷ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്റ്റാനിസ്ലാവ് ഗഡെക്കി, യുക്രേനിയൻ ജനതക്കുവേണ്ടി പ്രാർത്ഥിക്കാൻ പോളിഷ് സഭയോട് ആഹ്വാനം ചെയ്തതിനൊപ്പം, സഹായധന സമാഹരണത്തിനായി ഇടവകകൾക്ക് നിർദേശവും നൽകിയിരുന്നു. പോളിഷ് സഭയുടെ ആയിരത്തിൽപ്പരം വർഷത്തെ ചരിത്രത്തിൽ സമാനതകളില്ലാത്ത വിധമുള്ള ധനസമാഹരണ ശേഖരണത്തിനാണ് അതേ തുടർന്ന് ഇടവകകൾ സാക്ഷ്യം വഹിച്ചത്. യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഒരു വർഷം പിന്നിടുമ്പോഴും, കെടുതിക്ക് അറുതിവരാത്ത യുക്രൈനുവേണ്ടിയുള്ള പുതിയ ധനസമാഹരണ യജ്ഞത്തിന് ആഹ്വാനം ചെയ്തു കഴിഞ്ഞു ആർച്ച്ബിഷപ്പ് ഗഡെക്കി.
സഭയുടെ ഔദ്യോഗിക സാമൂഹ്യസേവന സംരംഭമായ ‘കാരിത്താസി’ലൂടെമാത്രം ഇതുവരെ ഏകദേശം രണ്ട് ദശലക്ഷം യുക്രേനിയൻ ജനതയ്ക്കാണ് പോളിഷ് സഭയുടെ സഹായങ്ങൾ ലഭ്യമായത്. അഭയാർത്ഥികളെ സഹായിക്കാത്ത ഒരു ഇടവകയും പോളണ്ടിൽ ഇല്ലെന്ന്, അഭയാർത്ഥികൾക്കായുള്ള ബിഷപ്പ്സ് കമ്മീഷൻ ചെയർമാർ ബിഷപ്പ് ക്രിസ്റ്റോഫ് സദാർക്കോ വ്യക്തമാക്കി. കൂടാതെ രാജ്യത്തെ സന്യസ്ത ആശ്രമങ്ങൾ, കാരിത്താസ് കേന്ദ്രങ്ങൾ, വിവിധ പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും കെട്ടിടങ്ങൾ, സെമിനാരികൾ, രൂപതാ ഭവനങ്ങൾ, ഇടവകകൾ എന്നിവിടങ്ങളിൽ നിരവധി അഭയാർത്ഥികൾക്ക് അഭയം നൽകിയിട്ടുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision