കോട്ടയം: ചിന്തയിലെ ബഹുസ്വരതയ്ക്ക് പ്രാധാന്യം ഏറിവരുന്ന ഇന്നത്തെ സമൂഹത്തിൽ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ യഥാർഥ ദൈവവചനം നൽകുന്നതിൽ ശ്രദ്ധേയമായ സ്വാധീനമാണ് സമൂഹത്തിൽ ചെലുത്തേണ്ടതെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപും പൗരസ്ത്യ വിദ്യാപീഠത്തിൻറെ ചാൻസലറുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ക്രൈസ്തവ ദൗത്യം സാക്ഷാത്കരിക്കാൻ വൈദികവൃത്തി സ്വീകരിക്കുന്നവർ ക്രിസ്തുവിനോടും സഭയോടുമാണ് കടപ്പെട്ടിരിക്കുന്നതെന്ന കാര്യം മറക്കരുതെന്നും കർദിനാൾ കൂട്ടിച്ചേർത്തു. കോട്ടയം വടവാതുർ സെൻറ് തോമസ് അപ്പോസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഒട്ടോണമസ് ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു കർദിനാൾ.
വ്യത്യസ്ത മതവിഭാഗങ്ങളും സംസ്കാരങ്ങളും നിറഞ്ഞുനിൽക്കുന്ന സമൂഹത്തിൽ ക്രിസ്തുവിൻറെ മുഖമാകാനും വചനം പ്രഘോഷിക്കാനും കഴിയുന്നവരായി നാം മാറണം. പൗരോഹിത്യ സന്യസ്ത പരിശീലനത്തിൽ തത്വശാസ്ത്ര അടിത്തറ പകർന്നു നൽകേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും കർദിനാൾ ഓർമിപ്പിച്ചു. പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസലർ കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷനായിരുന്നു. തത്വശാസ്ത്ര പഠനവിഭാഗത്തെ ഒട്ടോണമസ് സംവിധാനമായി പ്രഖ്യാപിച്ചുകൊണ്ട് റോമിലെ കത്തോലിക്ക വിദ്യാഭ്യാസ കാര്യാലയം പുറത്തിറക്കിയ ഉത്തരവ് സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ റവ. ഡോ. വിൻസൻറ് ചെറുവത്തൂർ വായിച്ചു. തുടർന്നു പൗരസ്ത്യ വിദ്യാപീഠത്തിൻറെ സ്റ്റാറ്റ്യൂട്ട്സ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, സെമിനാരി റെക്ടർ റവ. ഡോ. സ്കറിയ കന്യാകോണിൽ, രജിസ്ട്രാർ റവ. ഡോ. സിറിയക് വലിയകുന്നുംപുറത്ത്, ഡയറക്ടർ റവ. ഡോ. ജോൺസൺ നീലാനിര പ്പേൽ എന്നിവർ പ്രസംഗിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രം, പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവ പ്രസിഡൻറ് റവ. ഡോ. സുജൻ അമൃതം, എം.റ്റി. സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. വി.എസ്. വറുഗീസ്, എംജി യൂണിവേഴ്സിറ്റി പൗലോസ് മാർ ഗ്രിഗോറിയസ് ചെയർ പ്രഫസർ ഫാ. ഡോ. കെ.എം. ജോർജ് എന്നിവർ സന്നിഹിതനായിരുന്നു.
തത്വശാസ്ത്രം, ദൈവശാസ്ത്രം, പൗരസ്ത്യ കാനോൻ നിയമം എന്നീ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ മുതൽ ഗവേഷണം വരെ നടത്താനുള്ള സാധ്യതകളാണ് ഇപ്പോൾ പൗരസ്ത്യ വിദ്യാപീഠത്തിലുള്ളത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision