പൊതുമരാമത്ത് വകുപ്പിനും വാട്ടർ അതോറിറ്റിക്കും ‘മാതൃകാപരമായ’ ഏകോപനം; ടാർ ചെയ്ത ദിവസം തന്നെ റോഡ് കുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റി
കടുത്തുരുത്തി: റോഡ് നിർമ്മാണത്തിലും പൈപ്പ് അറ്റകുറ്റപ്പണികളിലും കേരള വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ‘ഏകോപനം’ നാട്ടുകാരെ വലയ്ക്കുന്നു. പുതുതായി ടാർ ചെയ്ത റോഡ് അതേ ദിവസം തന്നെ വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച് വീണ്ടും ‘മാതൃക’ കാട്ടി. പെരുവ-ശാന്തിപുരം റോഡിലാണ് ഈ സംഭവം അരങ്ങേറിയത്.
സംഭവം ഇങ്ങനെ:
പെരുവ പള്ളിക്ക് സമീപം മാസങ്ങളായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകിക്കൊണ്ടിരുന്ന ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം ടാറിങ് ജോലികൾ ആരംഭിച്ചു. മഴയത്ത് ടാറിങ് നടത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. പൈപ്പ് പൊട്ടിയതിനെക്കുറിച്ചും നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, മഴ മാറിയതിന് ശേഷം പൊതുമരാമത്ത് വകുപ്പ് ഈ ഭാഗം ടാർ ചെയ്തു. ടാറിങ് പൂർത്തിയായതിന് പിന്നാലെ വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥരെത്തി പൈപ്പ് നന്നാക്കുന്നതിനായി അതേ റോഡ് കുത്തിപ്പൊളിച്ചു. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച റോഡാണ് ടാർ ചെയ്ത ദിവസം തന്നെ കുത്തിപ്പൊളിച്ചത്.
ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്ന ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അധികാരികളുടെ അനാസ്ഥയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.













