തന്റെ സഹോദരനായ നര്‍സിയായിലെ വിശുദ്ധ ബെനഡിക്ടിനെ പോലെ യുവത്വത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ തന്റെ ജീവിതം ദൈവത്തിനായി സമര്‍പ്പിച്ച ഒരു വിശുദ്ധയായിരുന്നു വിശുദ്ധ സ്കൊളാസ്റ്റിക്ക. കന്യകയായിരുന്ന സ്കൊളാസ്റ്റിക്കയെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണ്. ദൈവത്തോടുള്ള സംവാദങ്ങളെ കുറിച്ചുള്ള തന്റെ രണ്ടാമത്തെ ഗ്രന്ഥത്തില്‍ (Book of Dialogues – Ch. 33 & 34) വിശുദ്ധ ഗ്രിഗറി മാര്‍പാപ്പാ വിശുദ്ധരായ ഈ സഹോദരീ സഹോദരന്‍മാരുടെ അവസാന കൂടികാഴ്ചയെക്കുറിച്ച് നമുക്കായി വിവരിച്ചിട്ടുണ്ട്: “അവന്റെ സഹോദരിയും ചെറുപ്പത്തില്‍ തന്നെ ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ടവളുമായ സ്കൊളാസ്റ്റിക്ക, വര്‍ഷത്തിലൊരിക്കല്‍ അവനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ അവസരങ്ങളില്‍ അവന്‍ അവളെ കാണുന്നതിനായി ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ളതും ആശ്രമത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നും കുറച്ചകലെയുള്ള ഒരു ഭവനത്തില്‍ പോകുമായിരുന്നു.
വിശുദ്ധ ബെനഡിക്ട് തന്റെ മുറിയില്‍ ആകാശത്തേക്ക് നോക്കി കൊണ്ട് നില്‍ക്കുമ്പോള്‍ തന്റെ സഹോദരിയുടെ ആത്മാവ് തന്റെ ശരീരം ഉപേക്ഷിച്ച് ഒരു പ്രാവിന്റെ രൂപത്തില്‍ സ്വര്‍ഗ്ഗീയ രാജധാനിയിലേക്ക് പ്രവേശിക്കുന്നതായി കണ്ടു. അവളുടെ നിത്യമഹത്വത്തില്‍ ആനന്ദഭരിതനായ സഹോദരന്‍ ഗാനങ്ങളും സ്തുതികളുമായി ദൈവത്തിനു നന്ദി പറഞ്ഞു. തന്റെ സഹോദരിയുടെ മരണത്തെ കുറിച്ച് തന്റെ ശിഷ്യന്‍മാരെ അറിയിച്ചതിനു ശേഷം വിശുദ്ധ ബെനഡിക്ട് താന്‍ അവള്‍ക്കായി ഒരുക്കിയ കല്ലറയില്‍ അടക്കുവാനായി അവളുടെ മൃതദേഹം കൊണ്ട് വരുവാനായി അവരില്‍ കുറച്ച് പേരെ അയച്ചു.
ജീവിതകാലത്ത് തങ്ങളുടെ ആത്മാക്കള്‍ ദൈവത്തില്‍ ഒന്നായിരുന്നത് പോലെ ഈ വിശുദ്ധരായ സഹോദരീ-സഹോദരന്മാരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ ഒരേ കല്ലറയിലാണ് അടക്കം ചെയ്തിരിക്കുന്നത്. മോണ്ടെ കാസ്സിനോയിലാണ് വിശുദ്ധ സ്കൊളാസ്റ്റിക്കയുടെ കബറിടം സ്ഥിതിചെയ്യുന്നത്.