ഇംഗ്ലണ്ടിലെ ലണ്ടനിലായിരുന്നു വിശുദ്ധ തോമസ് മൂര്‍ ജനിച്ചത്. ഹെന്‍റി എട്ടാമന്റെ ചാന്‍സലര്‍ പദവി വഹിച്ചിരുന്നയാളായിരുന്നു വിശുദ്ധന്‍. ഒരു പൊതുസേവകനുമെന്ന നിലയില്‍ വിശുദ്ധന്റെ ജീവിതം മാനുഷിക അവബോധത്തിന്റേയും ക്രിസ്തീയ ജ്ഞാനത്തിന്റേയും ഒരു അസാധാരണ സങ്കലനമായിരുന്നു. ഒരു അത്മായ ഭരണാധികാരിക്ക് യേശുവിന്റെ തിരുസഭയില്‍ യാതൊരു അധികാരവുമില്ല എന്ന വിശുദ്ധന്റെ നിലപാടിന് അദ്ദേഹത്തിന് സ്വന്തം ജീവന്‍ തന്നെ ബലികഴിക്കേണ്ടതായി വന്നു. പ്രസിദ്ധനായ വക്കീലും, മാന്യനും, നാല് കുട്ടികളുടെ പിതാവുമായിരുന്ന വിശുദ്ധന്‍ ഇംഗ്ലണ്ടിന്റെ ചാന്‍സലര്‍ ആയിരുന്നു.
രാജ്യദ്രോഹകുറ്റത്തിന് വിശുദ്ധന്‍ ലണ്ടന്‍ ടവറില്‍ വിചാരണ ചെയ്യപ്പെട്ടു. കുറ്റവിചാരണയില്‍ തന്റെ മനസ്സാക്ഷിക്കനുസരിച്ചുള്ള തന്റെ പ്രവര്‍ത്തിയില്‍ ക്രൈസ്തവലോകത്തെ സകല സമിതികളുടേയും പിന്തുണ തനിക്കുണ്ടെന്ന് തിരിച്ചറിയുന്നതായും വിശുദ്ധന്‍ പ്രഖ്യാപിച്ചു. ഒരു സുപ്രധാനിയായ നയതന്ത്രജ്ഞന്‍, ഉപദേഷ്ടാവ് എന്നീ നിലകളില്‍ തിളങ്ങിയ വിശുദ്ധന്‍, യഥാര്‍ത്ഥ രാജഭക്തി രാജാവിന്റെ തീരുമാനങ്ങളെ അന്ധമായി സ്വീകരിക്കുന്നതല്ല എന്നറിഞ്ഞുകൊണ്ട് തന്റെ ധാര്‍മ്മിക മൂല്യങ്ങളെ രാജാവിനെ പ്രീതിപ്പെടുത്തുവാനായി ബലികഴിക്കുവാന്‍ തയ്യാറായില്ല.
1535 ജൂലൈ 6ന് ലണ്ടനിലെ ടവര്‍ ഹില്ലില്‍ വെച്ച് വിശുദ്ധനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാനൂറ് വര്‍ഷങ്ങള്‍ക്കുശേഷം, 1935-ല്‍ വിശുദ്ധ തോമസ് മൂറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഏ.ഡി. 2000-ത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിശുദ്ധ തോമസ് മൂറിനെ രാഷ്ട്രീയ നേതാക്കന്‍മാരുടെ മാധ്യസ്ഥനായി നിര്‍ദ്ദേശിച്ചു.













