1190-ല്‍ സ്പെയിനിലാണ് കുലീനരും, ധനികരുമായ മാതാപിതാക്കളുടെ മകനായി വിശുദ്ധ ഗോണ്‍സാലെസ് ജനിച്ചത്. തന്റെ മാതാവിന്റെ സഹോദരനായ, അസ്റ്റൊര്‍ഗിയ പ്രദേശത്തെ മെത്രാന്റെ കീഴിലാണ് വിശുദ്ധന്‍ വളര്‍ന്നത്. യുവാവായിരിക്കെ തന്നെ അദ്ദേഹം തന്റെ കത്രീഡലിലെ കാനോന്‍ ആയി നിയമിതനായി. അധികം താമസിയാതെ വിശുദ്ധന്‍ തന്റെ കത്രീഡല്‍ ചാപ്റ്ററിലെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ഔദ്യോഗിക പദവിയില്‍
സ്ഥാനമേല്‍ക്കുവാനായി യഥാവിധി അലങ്കരിച്ച കുതിരപ്പുറത്ത് എത്തിയപ്പോള്‍ കുതിരയുടെ കാല്‍വഴുതിയത് മൂലം വിശുദ്ധന്‍ നിലത്ത് വീഴുകയും ചുറ്റും കൂടിനിന്നവര്‍ വിശുദ്ധനെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്തു. ഈ സംഭവം ആ ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ഈ ലോകത്തെ സ്ഥാനമാനങ്ങളുടെ ബലഹീനതയെ പറ്റി ബോധവാനാക്കുവാന്‍ സഹായകമായി. അധികം വൈകാതെ തന്നെ അദ്ദേഹം പാലെന്‍സിയായിലെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. തന്റെ
പൂര്‍ണ്ണതക്കായി വിശുദ്ധന്‍ വളരെയേറെ ഉത്സാഹത്തോടും, ഭക്തിയോടും കൂടെ പരിശ്രമിച്ചു, സന്യാസത്തിന് പഠിക്കുമ്പോള്‍ തന്നെ വിശുദ്ധന്‍ വളരെയേറെ ഉദാരത പ്രകടമാക്കിയിരുന്നു. മറ്റുള്ളവരെ സേവിക്കുവാനുള്ള ഒരവസരവും അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. ഇതിനിടെ അദ്ദേഹം ദൈവശാസ്ത്രം പഠിക്കുവാന്‍ തുടങ്ങി. ഇതിനിടെ ഫെര്‍ഡിനാന്റ് മൂന്നാമന്‍ രാജാവ് ,മൂറുകളെ തന്റെ
രാജ്യത്ത് നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടുകൂടി, പ്രസിദ്ധനായ ഈ പ്രഘോഷകനെ തന്റെ രാജധാനിയിലേക്ക് ക്ഷണിച്ചു വരുത്തി. 1236-ല്‍ മൂറുകളുടെ കയ്യില്‍ നിന്നും കൊര്‍ദോവ തിരിച്ചു പിടിക്കുകയും ചെയ്തു. അവരുടെ ഒരു വലിയ പള്ളി (Mosque) ഒരു കത്രീഡല്‍ പള്ളിയാക്കി മാറ്റുകയും ചെയ്തു. ഇനി തന്റെ ആവശ്യം അവിടെയില്ലെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ രാജധാനി വിടുകയും മറ്റ്
സ്ഥലങ്ങളില്‍ പോയി സുവിശേഷം പ്രഘോഷിച്ചു നടന് നീങ്ങി. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും, രോഗശാന്തി വരവും നല്‍കി ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു. 1248-ലെ വിശുദ്ധവാരത്തില്‍ അദ്ദേഹം രോഗബാധിതനായി തീരുകയും, ഈസ്റ്റര്‍ ദിനത്തില്‍ ഇഹലോകവാസം വെടിയുയികയും ചെയ്തു.