1651-ല്‍ റെയിംസിലാണ് ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ ജനിച്ചത്. വിശുദ്ധനു 16 വയസ്സുള്ളപ്പോള്‍ അദ്ദേഹം ആ നാട്ടിലെ കത്രീഡലിലെ ചാപ്റ്റര്‍ അംഗമായിരുന്നു. 1678-ല്‍ വിശുദ്ധന്‍ പൗരോഹിത്യപട്ടം സ്വീകരിച്ചു. പട്ടം സ്വീകരിച്ച ഉടനെ തന്നെ അദ്ദേഹം ഒരു പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയത്തിന്റെ അധികാരിയായി നിയമിതനായി. 1679-ല്‍ വിശുദ്ധന്‍, അഡ്രിയാന്‍ ന്യേല്‍ എന്ന് പേരായ ഒരു അത്മായനെ കണ്ടുമുട്ടി.
അദ്ദേഹം ആണ്‍കുട്ടികള്‍ക്ക് വേണ്ടിയൊരു സ്കൂള്‍ തുടങ്ങുവാനായി ആഗ്രഹിക്കുന്ന കാര്യം വിശുദ്ധനെ അറിയിച്ചു. അതേ തുടര്‍ന്ന് അദ്ദേഹം രണ്ട് സ്കൂളുകള്‍ ആരംഭിച്ചു. വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനം വിശുദ്ധനു വളരെയേറെ ഇഷ്ടമായിരുന്നു. അദ്ദേഹം അദ്ധ്യാപകരോടു വളരെ താല്പര്യപൂര്‍വ്വം ഇടപെടുകയും ക്രമേണ അവരെ തന്റെ ഭവനത്തില്‍ താമസിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു. തന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ വിദ്യാഭ്യാസ പദ്ധതിയേക്കുറിച്ച് വിശുദ്ധന്‍ അവര്‍ക്ക് പരിശീലനം നല്‍കി. കുറെപേര്‍ വിശുദ്ധന്‍റെ ആശയങ്ങളെ തള്ളികളഞ്ഞു കൊണ്ട് ജോലി ഉപേക്ഷിച്ച് പോയെങ്കിലും വേറെ കുറെപേര്‍ വിശുദ്ധനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. അങ്ങനെ ‘ബ്രദേഴ്സ് ഓഫ് ദി ക്രിസ്ത്യന്‍ സ്കൂള്‍’സിന്’ ആരംഭമായി.
അസാധാരണമായ ബുദ്ധിവൈഭവത്തോട് കൂടി മുന്നോട്ട് പോയ വിശുദ്ധന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരിന്നു. 1719- ലെ നോമ്പുകാലത്ത് അതി ഗുരുതരമായൊരു അപകടത്തിനു വിധേയനായ വിശുദ്ധന്‍ ദുഃഖവെള്ളിയാഴ്ച ദിനം ഇഹലോകവാസം വെടിഞ്ഞു. 1900-ത്തില്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെയേ വിശുദ്ധനായി പ്രഖ്യാപിച്ചു.