എഡി 345-നോടടുത്ത്, ദാൽമേഷ്യായിലെ സ്ട്രിഡോണിൽ ജനിച്ച വിശുദ്ധ ജെറോം, ക്രിസ്തീയ മഹാസാമ്രാജ്യത്തിലെ ഏറ്റവും മഹാത്മാക്കളായ വേദപണ്ഡിതന്മാരിൽ ഒരാളായിരുന്നു. സ്വന്തം നാട്ടിലെ സ്കൂൾ വിദ്യാഭാസത്തിനു ശേഷം, 8 വർഷക്കാലം അദ്ദേഹം റോമിൽ പ്രസംഗകല അഭ്യസിച്ചു.
ഇതിനു ശേഷം, അക്ക്വിലിയിലേക്ക് മടങ്ങിവന്ന്, അദ്ദേഹം അവിടെ ഒരു സന്യാസസഭ സ്ഥാപിച്ചു. മൂന്ന് വർഷത്തിന് ശേഷം ആ സഭ ഛിന്നഭിന്നമായപ്പോൾ, അദ്ദേഹം കിഴക്കൻ നാടുകളിലേക്ക് യാത്ര തിരിച്ചു. അവിടെ വച്ച് അദ്ദേഹം, മാൽക്കസ് എന്ന് പേരുള്ള ഒരു വന്ദ്യ വയോധികനായ മഹർഷിയെ കണ്ടുമുട്ടി. ശൂന്യമായ ഒരു നിലവറയിൽ ചാക്കുതുണികൾ ധരിച്ച്, വേദ ഗ്രന്ഥ പഠനത്തിൽ മുഴുകി ജീവിക്കാൻ ഈ വിശുദ്ധന് ഉത്തേജനം നൽകിയത് ആ മഹർഷിയായിരുന്നു.
വൈകാതെ അദ്ദേഹം അന്തിയോക്യയിലേക്ക് തിരികെ വന്നു. വൈകാതെ, വൈദികനായി തിരുപട്ടം സ്വീകരിച്ചു. തന്റെ മെത്രാനുമൊത്തുള്ള കോൺസ്റ്റാന്റിനാപ്പോൾ (ഇസ്ത്താംബൂൾ) സന്ദർശന വേളയിൽ, അദ്ദേഹം വിശുദ്ധ ഗ്രിഗറി നാസ്സിയാൻസെൻ, നിസ്സായിലെഗ്രഗറി എന്നിവരെ പരിചയപ്പെട്ടു. പിന്നീട് പോപ്പ് ഡമാസസ്സിന്റെ പ്രൈവറ്റ് സെക്രട്ടറിയാകാൻ A.D 382-ൽ റോമിലേക്ക് പോയി. ഇവിടെ വച്ച്, അദ്ദേഹം തന്റെ ആത്മസുഹൃത്തുക്കളായ പൗളാ എന്ന ധനാഢ്യയേയും, അവരുടെ മകളായ യൂസ്റ്റോച്ചിയമിനേയും, മാർസെല്ലായേയും കണ്ടുമുട്ടി. 420 ലെ മരണം വരെ 34 വർഷം ജീവിച്ചു.













