ഫ്രാൻസിലെ സോയിസൺസ് എന്ന സ്ഥലത്താണ് വിശുദ്ധ ഗോഡ്‌ഫ്രെ ജനിച്ചത്. അഞ്ചാമത്തെ വയസ്സിൽ തന്നെ അദ്ദേഹം തൻ്റെ മുത്തച്ഛനായ ഗോഡ്‌ഫ്രോയിഡ് അധിപതിയായിരുന്ന മോണ്ട്-സെൻ്റ്-ക്വിൻ്റിൻ എന്ന ബെനഡിക്റ്റൻ ആശ്രമത്തിൽ ചേർന്നു. പെട്ടെന്നുതന്നെ സഭാവസ്ത്രം ലഭിച്ച അദ്ദേഹം അവിടെ ഒരു കുഞ്ഞുമഠാധീശനായി ജീവിച്ചു. ആശ്രമത്തിലെ സന്യാസിമാർ അദ്ദേഹത്തിന് ആവശ്യമായ വിദ്യാഭ്യാസം നൽകി.
പ്രായപൂർത്തിയായപ്പോൾ സന്യാസവൃത്തി സ്വീകരിച്ച അദ്ദേഹം പിന്നീട് പുരോഹിതനായി. തുടർന്ന്, ഫ്രാൻസിലെ ഷാംപെയിൻ ആശ്രമത്തിൻ്റെ അധിപനായി ചുമതലയേറ്റു. എന്നാൽ ഈ സമയത്ത് ആശ്രമം ക്ഷയിച്ച അവസ്ഥയിലായിരുന്നു; വെറും ആറ് സന്യാസിമാരും രണ്ട് കുട്ടികളും മാത്രമാണ് അവിടെ അവശേഷിച്ചിരുന്നത്.
എങ്കിലും, അവിടുത്തെ സന്യാസിമാർ ഗോഡ്‌ഫ്രെയെ ഇഷ്ടപ്പെട്ടു. അദ്ദേഹം ഒരു വിശുദ്ധനായ മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞ അവർ, തങ്ങളുടെ ജീവിതം സ്വയം ത്യാഗത്തിലൂടെ നയിക്കാൻ അദ്ദേഹത്തിന് സഹായിക്കാൻ കഴിയുമെന്ന് വിശ്വസിച്ചു. അധികം വൈകാതെ പുതിയ ആളുകൾ ആശ്രമത്തിൽ ചേരുകയും ആ സ്ഥലം ആധ്യാത്മിക ആനന്ദത്തിൻ്റെ പ്രധാന കേന്ദ്രമായി മാറുകയും ചെയ്തു.
അധികം താമസിയാതെ, ഫ്രാൻസിലെ പ്രമുഖ രൂപതകളിലൊന്നായ റെയിംസ് രൂപതയുടെ സഹായക മെത്രാനായി വിശുദ്ധ ഗോഡ്‌ഫ്രെ നിയമിതനായി. ആശ്രമം വിട്ടുപോകാൻ അദ്ദേഹത്തിന് മനസ്സില്ലായിരുന്നെങ്കിലും, റെയിംസിലെ ജനങ്ങൾക്ക് തൻ്റെ സേവനം ആവശ്യമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. മെത്രാനായ ശേഷവും അദ്ദേഹം വളരെ ലളിതമായ സന്യാസ ജീവിതമാണ് നയിച്ചത്.
വിശുദ്ധൻ്റെ വാസസ്ഥലം വളരെ ചെറുതായിരുന്നു, ഭക്ഷണമാകട്ടെ വളരെ കുറവും. പാചകക്കാരൻ അദ്ദേഹത്തിനായി നല്ല ഭക്ഷണം തയ്യാറാക്കുമായിരുന്നു. എന്നാൽ പാചകക്കാരൻ പോയ ശേഷം അദ്ദേഹം അടുത്തുള്ള ദരിദ്രരെ വിളിച്ചുവരുത്തി ആ ഭക്ഷണം അവർക്ക് വീതിച്ചു നൽകുകയായിരുന്നു പതിവ്.
തൻ്റെ ഇടവകയിലെ ജനങ്ങളുടെ മദ്യപാനത്തിലും പാപപ്രവൃത്തികളിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത മെത്രാനായിരുന്നു ഗോഡ്‌ഫ്രെ. ഇവരെ തിരുത്താനുള്ള ശ്രമത്തിൻ്റെ പേരിൽ അദ്ദേഹം ഒരുപാട് സഹിക്കേണ്ടിവന്നു. ചിലർ അദ്ദേഹത്തെ വെറുക്കുകയും വധിക്കാൻ പോലും ശ്രമിക്കുകയും ചെയ്തു. അതേസമയം, നല്ലവരായ ആളുകൾ അദ്ദേഹത്തെ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്തു.
മെത്രാൻ സ്ഥാനം രാജിവെച്ച് ഒരു സന്യാസിയായി വിരമിക്കുവാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. എന്നാൽ, രാജി വെക്കുന്നതിന് മുൻപ് തന്നെ, തൻ്റെ അമ്പതാമത്തെ വയസ്സിൽ വിശുദ്ധൻ കർത്താവിൽ അന്ത്യനിദ്ര പ്രാപിച്ചു.














