കാറ്റലോണിയയിലെ പ്രഭുവും ജെസ്യൂട്ട് സന്യാസ സമൂഹത്തിന്റെ മൂന്നാമത്തെ ജനറലുമായിരുന്ന വിശുദ്ധ ഫ്രാൻസിസ് ബോർജിയ (Francis Borgia) 1510-ലാണ് ജനിച്ചത്. പൂർവ്വികരുടെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായി കണക്കാക്കാവുന്നതായിരുന്നു അദ്ദേഹത്തിന്റെ വിശുദ്ധി നിറഞ്ഞ ജീവിതം. ചാൾസ് അഞ്ചാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ഉന്നത പ്രഭുവും നാടുവാഴിയുമായിരുന്നതിനാൽ സമൂഹത്തിൽ അദ്ദേഹത്തിന് വലിയ ബഹുമാനമുണ്ടായിരുന്നു.
1539 മെയ് 1-ന് ചക്രവർത്തിനി ഇസബെല്ലയുടെ മരണത്തെ തുടർന്ന് അവരുടെ ശരീരം ഗ്രാനഡയിലേക്ക് കൊണ്ടുപോകുമ്പോൾ ഫ്രാൻസിസ് ബോർജിയക്ക് വലിയ നവീകരണാനുഭവമുണ്ടായി. മരണത്തെത്തുടർന്ന് ശുഷ്കിച്ച ചക്രവർത്തിനിയുടെ മുഖം കണ്ടതോടെ ഇഹലോക സുഖങ്ങളെല്ലാം വെടിഞ്ഞ്, രാജാധിരാജനായ ദൈവത്തെ മാത്രം സേവിക്കാൻ അദ്ദേഹം തീരുമാനിച്ചു. 1546-ൽ ഭാര്യയുടെ മരണശേഷം, അദ്ദേഹം ജെസ്യൂട്ട് സഭയിൽ ചേരുകയും ഭൗതിക പദവികളും സുഖങ്ങളും ഉപേക്ഷിച്ച് ഏകാന്തമായ ആത്മീയ ജീവിതം നയിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു.
വിശുദ്ധന്റെ എളിമയും ആത്മീയതയും നിറഞ്ഞ ജീവിതമാതൃകയിൽ ചാൾസ് അഞ്ചാമൻ ചക്രവർത്തി പോലും ആകൃഷ്ടനായി. സിംഹാസനം ത്യജിക്കാനുള്ള ചക്രവർത്തിയുടെ തീരുമാനത്തിന് പിന്നിൽ വിശുദ്ധന്റെ ജീവിത മാതൃകയുടെ സ്വാധീനം വ്യക്തമായിരുന്നു. കഠിനമായ അച്ചടക്കവും സ്വയം ഏറ്റെടുത്ത സഹനങ്ങളും നിറഞ്ഞ ജീവിതം നയിച്ച അദ്ദേഹം തന്നെത്തന്നെ “ദരിദ്രനായ പാപി” എന്നാണ് വിശേഷിപ്പിച്ചത്.
1565-ൽ ഇഗ്നേഷ്യസ് ലയോളയുടെ പിൻഗാമി ഡിയേഗോ ലെയിനെസ് മരണമടഞ്ഞപ്പോൾ ഫ്രാൻസിസ് ബോർജിയ വികാരി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം ജൂലൈ 2-ന് അദ്ദേഹം ജെസ്യൂട്ട് സഭയുടെ മൂന്നാമത്തെ സുപ്പീരിയർ ജനറലായും തിരഞ്ഞെടുക്കപ്പെട്ടു. തുർക്കികൾക്കെതിരെ ലെപ്പാന്റോയിൽ സഭ നേടിയ വിജയം ആഘോഷിക്കുന്നതിന്റെ ക്രമീകരണങ്ങൾ പോപ്പിനു വേണ്ടി ചെയ്തുകൊണ്ടിരിക്കെ 1572 ഒക്ടോബർ 10-ന് വി. ഫ്രാൻസിസ് ബോർജിയ ഈ ലോകത്തോട് വിടചൊല്ലി.












