സിലിസിയായിലെ ടാര്‍സസിലാണ് വിശുദ്ധ പൗലോസ് ജനിച്ചത്. സാവൂള്‍ എന്നായിരുന്നു വിശുദ്ധന്റെ ശരിയായ നാമം. ബെഞ്ചമിന്റെ ഗോത്രത്തില്‍പ്പെട്ട ജൂതവംശജരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. ജനനം കൊണ്ട് വിശുദ്ധന് ഒരു റോമന്‍ പൗരനായിരുന്നു. ആദ്യ ക്രിസ്ത്യന്‍ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിനേയും, ഒരു വൃദ്ധനായ മനുഷ്യനേയും കല്ലെറിഞ്ഞു കൊല്ലുന്നതില്‍ വിശുദ്ധനും പങ്കാളിയായിരുന്നു.
തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനായി വിശുദ്ധന് ജെറുസലേമിലേക്ക് പോയി, അവിടെ അദ്ദേഹം പണ്ഡിതനായ ഗമാലിയേലിന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. കഠിനമായ പൈതൃകനിയമങ്ങള്‍ അനുസരിച്ചുള്ള ഒരു വിദ്യാഭ്യാസമായിരുന്നു വിശുദ്ധന് അവിടെ ലഭിച്ചിരുന്നത്. വ്യാഖ്യാന ശാഖയില്‍ അപാരമായ പാണ്ഡിത്യം നേടിയ വിശുദ്ധന് തര്‍ക്കശാസ്ത്രത്തിലും നല്ല പരിശീലനം സിദ്ധിച്ചിരുന്നു. പലസ്തീനയില്‍ ക്രിസ്തുവിന്റെ പരസ്യജീവിതം തുടങ്ങുന്നതിനു മുന്‍പേ തന്നെ വിശുദ്ധന് തീക്ഷണതയും, ആവേശവുമുള്ള ഒരു ഫരിസേയനായിട്ടാണ് ടാര്‍സസില്‍ തിരിച്ചെത്തിയത്.
മുഖ്യപുരോഹിതന്റെ ഒരു ഔദ്യോഗിക ദൗത്യവുമായി വിശുദ്ധന് ഡമാസ്കസിലേക്ക് തിരിച്ചു, അവിടെയുള്ള ക്രിസ്ത്യാനികളെ ബന്ധിതരാക്കി ജെറുസലേമിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ദൗത്യം. ഒരുച്ചയോടടുത്ത് ഡമാസ്കസ് അടുത്തപ്പോള്‍ പെട്ടെന്ന് തന്നെ ആകാശത്തു നിന്നും ഒരു വലിയ തിളക്കമാര്‍ന്ന പ്രകാശ വലയം അദ്ദേഹത്തിനു ചുറ്റും മിന്നി, യേശു തന്റെ മഹത്വമാര്‍ന്ന തിരുശരീരത്തോട് കൂടി അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയും, വിശുദ്ധന് വ്യക്തമായി വിജയിച്ചു കൊണ്ടിരുന്ന മതപീഡന ദൗത്യത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കുകയും ചെയ്തു.
വിശുദ്ധ പൗലോസിന്റെ ആത്മാവ് പെട്ടെന്നുള്ളോരു പരിവര്‍ത്തനത്തിന് വിധേയമാവുകയായിരുന്നു. അദ്ദേഹം പെട്ടെന്ന് തന്നെ ക്രിസ്തു വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ജ്ഞാനസ്നാനം സ്വീകരിക്കുകയും സാവൂള്‍ എന്ന തന്റെ നാമത്തിനു പകരം പൗലോസ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സുവിശേഷം പ്രസംഗിച്ചു, വിശ്വാസം പ്രചരിപ്പിച്ചു. ഏതാണ്ട് 65-AD യില്‍ റോമില്‍ വെച്ച് ഒരു അപ്പസ്തോലനായി രക്തസാക്ഷിത്വ മകുടം ചൂടി.