316-ല്‍ പന്നോനിയയിലെ ഒരു പട്ടണമായ സബരിയായില്‍ ബെനഡിക്റ്റന്‍ ആശ്രമത്തിനടുത്തായാണ് വിശുദ്ധ മാര്‍ട്ടിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിശുദ്ധന്‍ ക്രിസ്ത്യാനികളുമായി ബന്ധപ്പെടുകയും തന്റെ പത്താമത്തെ വയസ്സില്‍ തന്നെ അദ്ദേഹം മാമോദീസാക്ക് മുമ്പുള്ള ക്രിസ്തീയ മതപ്രബോധനങ്ങള്‍ സ്വായത്തമാക്കുകയും ചെയ്തു.
പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ സൈന്യത്തില്‍ ചേരുകയും കോണ്‍സ്റ്റാന്റിയൂസ്, ജൂലിയന്‍ തുടങ്ങിയ ചക്രവര്‍ത്തിമാര്‍ക്കായി സേവനമനുഷ്ടിക്കുകയും ചെയ്തു.
ഈ സേവനത്തിനിടക്ക് ഒരു ദിവസം അദ്ദേഹം ആമിയന്‍സ് കവാടത്തില്‍ വച്ച് നഗ്നനും ദരിദ്രനുമായ ഒരു യാചകനെ കണ്ടുമുട്ടി. ഈ യാചകന്‍ അദ്ദേഹത്തോട് യേശുവിന്റെ നാമത്തില്‍ ഭിക്ഷ യാചിച്ചു. ഈ സമയം വിശുദ്ധന്റെ പക്കല്‍ തന്‍റെ വാളും പട്ടാളക്കാരുടെ മേലങ്കിയും മാത്രമാണ് ഉണ്ടായിരുന്നത്.
അദ്ദേഹം തന്റെ വാളെടുത്ത് മേലങ്കി രണ്ടായി കീറി ഒരു ഭാഗം ആ യാചകന് കൊടുത്തു. അന്ന് രാത്രിയില്‍ പകുതി മാത്രമുള്ള മേലങ്കി ധരിച്ച നിലയില്‍ ക്രിസ്തു അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും വിശുദ്ധനോട് ഇപ്രകാരം അരുള്‍ ചെയ്യുകയും ചെയ്തു “എന്റെ പ്രബോധനങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന മാര്‍ട്ടിന്‍, ഈ മേലങ്കി നീ എന്നെ ധരിപ്പിച്ചു.
മാമ്മോദീസ സ്വീകരിക്കുമ്പോള്‍ മാര്‍ട്ടിന് 18 വയസ്സ് പ്രായമായിരുന്നു. സൈന്യത്തിലെ തന്റെ അധികാരിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം രണ്ട് വര്‍ഷം കൂടി സൈന്യത്തില്‍ ജോലി ചെയ്തു. പിന്നീട് സൈനിക ജോലി ഉപേക്ഷിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചു.
സൈന്യത്തില്‍ നിന്നും പിന്മാറിയ നേടിയ വിശുദ്ധന്‍ പോയിട്ടിയേഴ്സിലെ മെത്രാനായ വിശുദ്ധ ഹിലാരിയുടെ അടുക്കല്‍ പോവുകയും പൌരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. പിന്നീട് ടൂര്‍സിലെ മെത്രാനായി വാഴിക്കപ്പെട്ടു. നഗരത്തിന് അടുത്തുതന്നെയായി അദ്ദേഹം ഒരു ആശ്രമം (മാര്‍മൌട്ടിയര്‍) പണികഴിപ്പിക്കുകയും ചെയ്തു. ഈ ആശ്രമത്തില്‍ പതിനെട്ട് സന്യാസിമാരോടൊപ്പം ഏറ്റവും വിശുദ്ധിയോട് കൂടിയ സന്യാസജീവിതം ആരംഭിച്ചു.
തന്റെ മരണത്തിന് തൊട്ടുമുന്‍പ് പൈശാചിക ആത്മാവിനെ കണ്ട വിശുദ്ധന്‍ കോപാകുലനായി. “നിനക്ക് എന്താണ് വേണ്ടത് ഭീകര ജന്തു? നിനക്ക് എന്നില്‍ നിന്നും നിന്‍റെതായ ഒന്നും തന്നെ കാണുവാന്‍ സാധിക്കുകയില്ല” എന്ന് ആക്രോശിച്ചു കൊണ്ട് വിശുദ്ധന്‍ അന്ത്യശ്വാസം വലിച്ചു. തന്റെ 81-മത്തെ വയസ്സില്‍ 397 നവംബര്‍ 11നാണ് വിശുദ്ധന്‍ മരിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision