എഡി 744-ല്‍ നെതര്‍ലന്‍ഡിലെ ഫ്രീസിയായിലുള്ള, സൂയിലെനിലാണ് വിശുദ്ധ ലുഡ്ജര്‍ ജനിച്ചത്. അതീവ ദൈവഭക്തിയും ബുദ്ധികൂര്‍മ്മതയും ഊര്‍ജ്ജസ്വലതയും മൂലം വിശുദ്ധനുമായി ബന്ധപ്പെട്ടവരെല്ലാം അദ്ദേഹത്തെ ഇഷ്ടപ്പെടുവാന്‍ കാരണമായി. തന്റെ 14-മത്തെ വയസ്സില്‍ അദ്ദേഹം ഉട്രെക്റ്റിലെ വിശുദ്ധ ഗ്രിഗറിയേ കാണുവാനിടയായി. അദ്ദേഹമാണ് വിശുദ്ധന് സന്യാസവസ്ത്രം നല്‍കിയത്. 24-മത്തെ വയസ്സില്‍ ഒരു പുരോഹിതാര്‍ത്ഥിയും, 34-മത്തെ വയസ്സില്‍ വിശുദ്ധ ലുഡ്ജര്‍ പുരോഹിതപട്ടം സ്വീകരിക്കുകയും ചെയ്തു.
777-ല്‍ വിശുദ്ധ ഗ്രിഗറിയുടെ പിന്‍ഗാമിയായിരുന്ന വിശുദ്ധ അല്‍ബെറിക്ക്, ലുഡ്ജറിനെ ഒരു പുരോഹിതനാകുവാന്‍ നിര്‍ബന്ധിക്കുകയും, ഇതിനു ശേഷം വിശുദ്ധ ലുഡ്ജര്‍, വിശുദ്ധ ബോനിഫസ് മരണമടഞ്ഞ സ്ഥലമായ ഡോക്കുമില്‍ തങ്ങികൊണ്ട് ഫ്രീസ്ലാണ്ടേഴ്സ് മുഴുവന്‍ സുവിശേഷം പ്രചരിപ്പിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിശുദ്ധന്‍ നിരവധി ദേവാലയങ്ങള്‍ പണികഴിപ്പിച്ചു (ഡോക്കുമിലെ പ്രസിദ്ധമായ ദേവാലയവും ഇതില്‍ ഉള്‍പ്പെടുന്നു). അവിടെയുണ്ടായിരിന്ന നിരവധി വിഗ്രഹങ്ങള്‍ അദ്ദേഹം നശിപ്പിക്കുകയും, അനേകം വിജാതീയരെ മാനസാന്തരപ്പെടുത്തി ക്രിസ്തുവിലേക്ക് അടുപ്പിക്കുകയും ചെയ്തു. എന്നാല്‍ 784-ല്‍ സാക്സണ്‍ നേതാവായ വിഡ്കുണ്ട് അവിടം ആക്രമിക്കുകയും, നിരവധി ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും, മുഴുവന്‍ സുവിശേഷകരേയും ആട്ടിപ്പായിക്കുകയും ചെയ്തു.
വിശുദ്ധ ലുഡ്ജര്‍ ഈ അവസരം മുതലെടുത്ത് റോമിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. പ്രസിദ്ധമായ ബെനഡിക്ടന്‍ ആശ്രമമായ മോണ്ടെ കാസ്സിനോയില്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളം താമസിച്ചു. പില്‍ക്കാലത്ത് വിശുദ്ധന്‍ വെര്‍ഡെനില്‍ സ്ഥാപിച്ച ആശ്രമത്തിന്റെ ഭാവി പദ്ധതികള്‍ ഇവിടെ വെച്ചാണ് തീരുമാനിച്ചുറപ്പിക്കുന്നത്. ഒരു പക്ഷേ വിശുദ്ധന്‍ ചാര്‍ളിമേയിനുമായി ചക്രവര്‍ത്തിയുമായി കൂടികാഴ്ചയും നടത്തിയിരിക്കാം. 786-ല്‍ വെസ്റ്റ്ഫാലിയായില്‍ തിരിച്ചെത്തിയപ്പോള്‍, ചക്രവര്‍ത്തി അഞ്ച് പ്രവിശ്യകളുടെ ആത്മീയ കാര്യങ്ങള്‍ നോക്കിനടത്തുന്നതിനുള്ള ചുമതല വിശുദ്ധനെ ഏല്‍പ്പിച്ചു.
കഠിനമായ രോഗപീഡകള്‍ നിമിത്തം വളരെയേറെ വേദനകള്‍ സഹിക്കേണ്ടതായി വന്നുവെങ്കിലും, തന്റെ ജീവിതത്തിന്റെ അവസാനം നിമിഷം വരെ വിശുദ്ധന്‍ സുവിശേഷം പ്രഘോഷിച്ചു. 809-ല്‍ ജെര്‍മ്മനിയിലെ വെസ്റ്റ്ഫാലിയായിലുള്ള ബില്ലര്‍ബെക്കില്‍ ഒരു സുവിശേഷ പ്രഘോഷണ യാത്രയില്‍ വെച്ചാണ് വിശുദ്ധ ലുഡ്ജര്‍ മരണപ്പെട്ടത്.