AD 304-ല്‍ ഈജിപ്തിലെ അസ്യൂട്ടിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. അദ്ദേഹം അസ്യൂട്ടിലെ ഒരു മരാശാരിയോ, പാദുക നിര്‍മ്മാണ പ്രവര്‍ത്തിയിലേര്‍പ്പെട്ടിരുന്നവനോ ആയിരിന്നുവെന്ന് പറയപ്പെടുന്നു. വിശുദ്ധന് 25 വയസ്സായപ്പോള്‍ അദ്ദേഹം സമീപപ്രദേശത്തുള്ള ഒരു പര്‍വതത്തിലെ ആശ്രമത്തിലെ സന്യാസിയായി മാറി. വിശുദ്ധന്റെ എളിമയെ പരീക്ഷിക്കുവാനായി അവിടത്തെ പ്രായമായ സന്യാസി പലപ്പോഴും ഉണങ്ങിയ ചുള്ളികമ്പിന് ദിവസംതോറും വെള്ളമോഴിക്കുക തുടങ്ങിയ ബുദ്ധിശൂന്യമായ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ വിശുദ്ധനോട് ആവശ്യപ്പെട്ടിരിന്നു, എന്നാല്‍ ഒരു വര്‍ഷം മുഴുവനും വിശുദ്ധന്‍ ആ പ്രവര്‍ത്തി യാതൊരു വൈമനസ്യവും കൂടാതെ ചെയ്തു വന്നു. ആ സന്യാസിയോടൊപ്പം ഏതാണ്ട് 12 വര്‍ഷത്തോളം വിശുദ്ധന്‍ താമസിച്ചു.
വിശുദ്ധന് 40-വയസ്സ് പ്രായമായപ്പോള്‍ അദ്ദേഹം അസ്യൂട്ടിനു സമീപമുള്ള വലിയൊരു പാറയുടെ മുകളില്‍ ഒരു ചെറിയ മുറി പണിത് അവിടെ കഠിനമായ ഏകാന്തവാസമാരംഭിച്ചു. സൂര്യാസ്തമനം വരെ വിശുദ്ധന്‍ ഒന്നും ഭക്ഷിക്കാറില്ലായിരുന്നു. മുഴുവന്‍ സമയവും, പ്രാര്‍ത്ഥനയും ധ്യാനപ്രവര്‍ത്തികളുമായി അദ്ദേഹം കഴിഞ്ഞു. ഭാവിയെപ്പറ്റി പ്രവചിക്കുവാനുള്ള വിശുദ്ധന്റെ കഴിവുകാരണം അദ്ദേഹത്തിന് ‘തെബായിഡിലെ പ്രവാചകന്‍’ എന്ന വിളിപ്പേര് നേടികൊടുത്തു. തിയോഡോസിയൂസ് ചക്രവര്‍ത്തിയെ സ്വേച്ഛാധിപതിയായ മാക്സിമസ് ആക്രമിച്ചപ്പോള്‍, തിയോഡോസിയൂസ് വിശുദ്ധനോട് യുദ്ധത്തിന്റെ ഗതിയെ കുറിച്ച് ആരാഞ്ഞു, ആ യുദ്ധത്തില്‍ യാതൊരുവിധ രക്തചൊരിച്ചിലും കൂടാതെ തന്നെ തിയോഡോസിയൂസ് വിജയിക്കുമെന്ന് വിശുദ്ധന്‍ പ്രവചിക്കുകയും അപ്രകാരം സംഭവിക്കുകയും ചെയ്തു.
ഒരിക്കല്‍ വിശുദ്ധ പെട്രോണിയൂസും ആറോളം സന്യാസിമാരും വിശുദ്ധനെ കാണുവാന്‍ എത്തി. തങ്ങളില്‍ ആരെങ്കിലും ദൈവീക വഴിയില്‍ സഞ്ചരിക്കുന്നവരാണോ എന്ന് വിശുദ്ധന്‍ ചോദിച്ചപ്പോള്‍ അവര്‍ ‘അല്ല’ എന്ന് മറുപടി കൊടുത്തു. വാസ്തവത്തില്‍ പെട്രോണിയൂസ് താന്‍ ഒരു പുരോഹിതാര്‍ത്ഥിയാണെന്ന സത്യം അവരില്‍ നിന്നും മറച്ചുവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിശുദ്ധന്‍ പെട്രോണിയൂസിനെ ചൂണ്ടികൊണ്ട് ഈ മനുഷ്യന്‍ ഒരു പുരോഹിതാര്‍ത്ഥിയാണെന്നറിയിച്ചപ്പോള്‍ പെട്രോണിയൂസ് അത് നിഷേധിച്ചു. ഉടനെതന്നെ വിശുദ്ധന്‍ ആ ചെറുപ്പക്കാരന്റെ കൈയ്യില്‍ ചുംബിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, “എന്റെ മകനേ, ഒരിക്കലും ദൈവത്തില്‍ നിന്നും കിട്ടിയ വരദാനത്തെ നിഷേധിക്കാതിരിക്കുക, നിന്റെ എളിമ അസത്യത്തിലൂടെ നിന്നെ വഞ്ചിക്കുവാന്‍ അനുവദിക്കരുത്. നമ്മള്‍ ഒരിക്കലും അസത്യം പറയരുത്, കാരണം അസത്യമായതൊന്നും ദൈവത്തില്‍ നിന്നും വരുന്നതല്ല”. കൂടാതെ അതിലൊരു സന്യാസിയുടെ അസുഖം സൌഖ്യപ്പെടുത്തുകയും ചെയ്തു.
AD 394ലോ 395ലോ ഈജിപ്തിനു സമീപപ്രദേശത്തു വെച്ചായിരുന്നു വിശുദ്ധന്‍ മരണമടഞ്ഞത്. കോപ്റ്റിക് സഭകളില്‍ ഒക്ടോബര്‍ 17-നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.