സലേഷ്യന്‍ സൊസൈറ്റിയുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ബോസ്കോ 1815 ഓഗസ്റ്റ് 16ന് ഇറ്റലിയിലെ, പിഡ്മോണ്ടിലെ കാസ്റ്റെല്‍നുവോവൊക്ക് സമീപമുള്ള ഒരു മലയോര ഗ്രാമമായ ബെച്ചിയിലാണ് ജനിച്ചത്. തന്റെ ആദ്യപാഠങ്ങള്‍ ജോണ്‍ സീകരിച്ചത് അവന്റെ ഇടവക വികാരിയില്‍ നിന്നുമായിരുന്നു. അദ്ദേഹം ഒരു ഫലിതപ്രിയനും, നല്ല ഓര്‍മ്മശക്തിയുള്ളവനുമായിരുന്നു.
വര്‍ഷങ്ങള്‍ കടന്നു പോയി, വിജ്ഞാനത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം വിശുദ്ധനില്‍ ശക്തമായി. എന്നാല്‍ വീട്ടിലെ ദാരിദ്ര്യം നിമിത്തം പലപ്പോഴും വിശുദ്ധന് തന്റെ പഠനമുപേക്ഷിച്ചു വയലില്‍ പണിക്ക് പോകേണ്ടതായി വന്നു. എന്നിരുന്നാലും പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഒരിക്കലും വിശുദ്ധന് ഉപേക്ഷിച്ചിരുന്നില്ല. 1835-ല്‍ ജോണ്‍ ചിയേരിയിലെ സെമിനാരിയില്‍ ചേര്‍ന്നു. ആറു വര്‍ഷത്തെ പഠനത്തിനു ശേഷം ടൂറിനിലെ മെത്രാപ്പോലീത്തയായിരുന്ന ഫ്രാന്‍സോണിയില്‍ നിന്നും പുരോഹിത പട്ടം സ്വീകരിച്ചു.
സെമിനാരി വിട്ടു ടൂറിനില്‍ എത്തിയ വിശുദ്ധന് അത്യുത്സാഹത്തോടെ തന്റെ പൗരോഹിത്യ പ്രയത്നങ്ങള്‍ ആരംഭിച്ചു.
1841 ഡിസംബര്‍ 8ന് മാതാവിന്റെ വിശുദ്ധ ഗര്‍ഭധാരണ തിരുനാളില്‍ വിശുദ്ധ കുര്‍ബ്ബാനക്കായി അര്‍പ്പിക്കുവാനായി വിശുദ്ധന് തയ്യാറെടുക്കേ അള്‍ത്താര ശുശ്രൂഷകന് കീറിപ്പറിഞ്ഞ കുപ്പായം ധരിച്ച ഒരു അനാഥബാലനെ ദേവാലയത്തില്‍ നിന്നും ഓടിച്ചുവിട്ടു. അവന്റെ കരച്ചില് കേട്ട വിശുദ്ധന് അവനെ തിരികെ വിളിച്ചു. അങ്ങിനെ ആ പുരോഹിതനും അനാഥബാലനായ ബര്‍ത്തലോമിയോയും തമ്മിലുള്ള സൗഹൃദം പെട്ടന്നാണ് വളര്‍ന്നത്. തെരുവില്‍ നിന്നും കിട്ടിയ തന്റെ ആദ്യത്തെ ശിഷ്യനെ പഠിപ്പിക്കുവാനുള്ള ചുമതല വളരെ ഉത്സാഹപൂര്‍വ്വം അദ്ദേഹം ഏറ്റെടുത്തു.
അധികം താമസിയാതെ ബര്‍ത്തലോമിയോക്ക് നിരവധി കൂട്ടുകാരുണ്ടായി, അവര്‍ ഒരിക്കലും അനുഭവിക്കാത്ത തരത്തിലുള്ള ഒരു സ്നേഹം അവര്‍ക്കവിടെ ലഭിച്ചു. 1842 ഫെബ്രുവരിയായപ്പോഴേക്കും അവിടെ 20 ഓളം ആണ്‍കുട്ടികളായി. അതേവര്‍ഷം മാര്‍ച്ചില്‍ 30ഉം 1846 മാര്‍ച്ച് ആയപ്പോഴേക്കും 400ഓളം കുട്ടികളായി.
1888 ജനുവരി 31ന് വിശുദ്ധൻ അന്ത്യനിദ്രപ്രാപിക്കുകയും, 1907 ജൂലൈ 21ന് പിയൂസ് പത്താമന്‍ മാര്‍പാപ്പാ ധന്യനായി പ്രഖ്യാപിക്കുകയും ചെയ്തു. 1929-ല്‍ പിയൂസ് പതിനൊന്നാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും, 1934-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. വിശുദ്ധ ജിയോവന്നി മെല്ക്കിയോര് ബോസ്കോ എന്നും അദ്ദേഹം അറിയപ്പെടുന്നു.