കോണ്‍സ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയത്തിലാണ് വിശുദ്ധ ഏവൂഫ്രാസിയാ ജനിച്ചത്.
വിശുദ്ധയുടെ ജനനത്തിനു ശേഷം അവളുടെ ഭക്തരായ മാതാപിതാക്കള്‍ ശാശ്വതമായ ബ്രഹ്മചര്യം പാലിക്കുവാന്‍ പരസ്പരധാരണയോടെ പ്രതിജ്ഞ ചെയ്തു. അവര്‍ പ്രാര്‍ത്ഥനയിലും, ദാനധര്‍മ്മങ്ങളിലും, അനുതാപത്തിലും മുഴുകി സഹോദരീ-സഹോദരന്‍മാരേ പോലെ ജീവിക്കുവാന്‍ ആരംഭിച്ചു.
ഒരു വര്‍ഷത്തിനകം തന്നെ വിശുദ്ധയുടെ പിതാവായ ആന്റിഗോണസ് മരിച്ചു, വിധവയായ വിശുദ്ധയുടെ അമ്മ തന്റെ മകളേയും കൂട്ടികൊണ്ട് ഈജിപ്തിലുള്ള തങ്ങളുടെ വലിയ തോട്ടത്തിലേക്ക് താമസം മാറി. വിവാഹാഭ്യര്‍ത്ഥകരില്‍ നിന്നും, കൂട്ടുകാരുടെ ബുദ്ധിമുട്ടിപ്പിക്കലില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു ഇത്. തബേന്‍സിയില്‍ അവരുടെ ഭവനത്തിന് അടുത്തായി ഏതാണ്ട് കഠിനമായ സന്യാസ ജിവിതം നയിക്കുന്ന 130-ഓളം വരുന്ന സന്യാസിനികള്‍ താമസിച്ചിരിന്ന ഒരാശ്രമം ഉണ്ടായിരുന്നു. അവര്‍ പതിവായി കഠിനമായ ഉപവാസമനുഷ്ടിക്കുകയും, ചണനാരുകള്‍ കൊണ്ട് സ്വയം തുന്നിയ പരുക്കന്‍ വസ്ത്രങ്ങള്‍ ധരിക്കുകയും, യാതൊരു മുടക്കവും കൂടാതെ നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
രോഗം വരുമ്പോള്‍ ഗൗരവമായ ഘട്ടത്തില്‍ ഒഴികെ വൈദ്യന്‍മാരുടെ സഹായം തേടുന്നതിനു പകരം അവര്‍ തങ്ങളുടെ വേദനകള്‍ സഹിക്കുകയും, ദൈവത്തിനു നന്ദിപറഞ്ഞു കൊണ്ട് ദൈവത്തിന്റെ കാരുണ്യത്തിനായി തങ്ങളെ സമര്‍പ്പിക്കുകയാണ് ചെയ്തിരിന്നത്. ആരോഗ്യത്തെകുറിച്ചുള്ള സങ്കീര്‍ണ്ണവും അമിതവുമായ ശ്രദ്ധ അമിതമായ ആത്മപ്രീതിക്കിടവരുത്തുകയും ചെയ്യുമെന്നു അവര്‍ വിശ്വസിച്ചിരിന്നു.
വിശുദ്ധക്ക് ഏഴ് വയസ്സായപ്പോള്‍ അവള്‍ തന്റെ അമ്മയോട് ആ ആശ്രമത്തില്‍ ചേര്‍ന്ന് ദൈവത്തെ സേവിക്കുവാനുള്ള അനുവാദം ചോദിച്ചു. വളരെ സന്തോഷപൂര്‍വ്വം വിശുദ്ധയുടെ അമ്മ വിശുദ്ധയെ ആശ്രമാധിപയുടെ പക്കല്‍ ഏല്‍പ്പിച്ചു. സന്തോഷപൂര്‍വ്വം ഏവൂഫ്രാസിയായേ സ്വീകരിച്ചുകൊണ്ട് ആ മഠത്തിന്റെ അധിപ അവള്‍ക്ക് യേശുവിന്റെ ഒരു രൂപം കൊടുത്തു. വിശുദ്ധ അതില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു, “ഞാന്‍ എന്നെ തന്നെ യേശുവിനായി അഭിഷേകം ചെയ്തിരിക്കുന്നതായി പ്രതിജ്ഞയെടുക്കുന്നു” തുടര്‍ന്ന്‍ വിശുദ്ധയുടെ അമ്മ, രക്ഷകനായ യേശുവിന്റെ രൂപത്തിന്‍ കീഴെ അവളെ നിറുത്തുകയും അവളുടെ കൈകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി പിടിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു “കര്‍ത്താവായ യേശുവേ, ഈ കുട്ടിയെ നിന്റെ പ്രത്യേക സംരക്ഷണയിലേക്ക് സ്വീകരിക്കണമേ. അവള്‍ നിന്നെ തേടുകയും നിന്നെ മാത്രം സ്നേഹിക്കുകയും, സ്വയം നിനക്കായി സമര്‍പ്പിക്കുകയും ചെയ്യുന്നു” അതിനു ശേഷം തന്റെ പ്രിയപ്പെട്ട മകളുടെ നേര്‍ക്ക് തിരിഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു. “പര്‍വ്വതങ്ങള്‍ക്ക് അടിസ്ഥാനമിട്ട ദൈവം അവനിലുള്ള ഭയം വഴി നിന്നെ എപ്പോഴും ശക്തിപ്പെടുത്തട്ടെ.” തന്റെ മകളെ ആ ആശ്രമാധിപയുടെ കൈകളില്‍ ഏല്‍പ്പിച്ചതിനുശേഷം തേങ്ങി കരഞ്ഞുകൊണ്ട് അവര്‍ ആ ആശ്രമം വിട്ടു.
വിശുദ്ധ ഏവൂഫ്രാസിയാ ആ ആശ്രമത്തിലെ മറ്റ് കന്യകാസ്ത്രീകള്‍ക്കെല്ലാം എളിമയുടേയും, ശാന്തതയുടേയും, കാരുണ്യത്തിന്റേയും ഒരു മാതൃകയായിരുന്നു. അവള്‍ ഏതെങ്കിലും വിധത്തില്‍ പ്രലോഭിപ്പിക്കപ്പെടുകയാണെങ്കില്‍ അതേക്കുറിച്ച് ഉടന്‍തന്നെ അത് ആശ്രമാധിപയോട് ഏറ്റ് പറയുകയും, സാത്താനെ ആട്ടിപായിക്കുവാനുള്ള പരിഹാരം തേടുകയും ചെയ്യുമായിരുന്നു. വിവേകമുള്ള ആശ്രാമാധിപ അത്തരം അവസരങ്ങളില്‍ പ്രായശ്ചിത്തത്തിനായി അവള്‍ ചെയ്തിരുന്ന ലളിതവും വേദനാജനകവുമായിരുന്ന കഠിന പ്രയത്നങ്ങളെ ആസ്വദിക്കുമായിരുന്നു.
420-ല്‍ തന്റെ മുപ്പതാമത്തെ വയസ്സില്‍ മരിക്കുന്നതിനു മുന്‍പും പിന്‍പുമായി നിരവധി അത്ഭുതപ്രവര്‍ത്തനങ്ങള്‍ വിശുദ്ധ ചെയ്തിട്ടുണ്ട്. ഇപ്പോഴും ബൈസന്റൈന്‍ കുര്‍ബ്ബാനക്ക് മുന്‍പുള്ള ഒരുക്കത്തില്‍ വിശുദ്ധയുടെ പേരും പരാമര്‍ശിക്കുന്നു.