1585-ല്‍ ഇറ്റലിയിലെ വിഗ്നാരെല്ലോയിലാണ് വിശുദ്ധ ഹയസിന്താ ജനിച്ചത്. തന്റെ സ്വന്തം സഹോദരി കന്യാസ്ത്രീയായിട്ടുള്ള വിറ്റെര്‍ബോയിലെ ഫ്രാന്‍സിസ്ക്കന്‍ കന്യാസ്ത്രീ മഠത്തില്‍ നിന്ന് അവൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹയസിന്താ മറ്റ് വിശുദ്ധരില്‍ നിന്നും വ്യത്യസ്തയായ ഒരു വിശുദ്ധയാണ്, ജീവിതത്തില്‍, ഒന്നല്ല രണ്ടു മനപരിവര്‍ത്തനങ്ങളിലൂടെയാണ് വിശുദ്ധ കടന്നുപോയത്. സന്യാസിനിയായിരുന്ന വിശുദ്ധ തന്റെ യൗവനത്തിൽ തന്റെ മതപരമായ നിയമങ്ങളോടു ഒട്ടും തന്നെ നീതി പുലര്‍ത്തിയിരുന്നില്ല. തെറ്റുകള്‍ തിരുത്തി നവീകരിച്ചു പുതിയ ആളായെങ്കിലും അധികം താമസിയാതെ വീണ്ടും ദൈവനിന്ദാപരമായ ജീവിതത്തിലേക്ക് ഹയസിന്താ വഴുതി വീണു. എന്നാൽ പിന്നീട് സ്ഥായിയായ മനപരിവര്‍ത്തനത്തിനു വിധേയയായ വിശുദ്ധ അനുതാപം നിറഞ്ഞ ഒരു ജീവിതം നിയമിച്ചു.
അവളുടെ ആദ്യ പരിവര്‍ത്തനം സംഭവിച്ചത് അവള് രോഗിയായിരുന്നപ്പോള്‍ അവളെ കുമ്പസാരിപ്പിക്കുവാനായി പുരോഹിതന് വന്നപ്പോളാണ്. അവളുടെ മുറിയിലെ ആഡംബര ഉപകരണങ്ങള്‍ കണ്ട പുരോഹിതന് ആശ്ചര്യപ്പെട്ടുകൊണ്ട്, ‘അവള് ഈ മഠത്തില്‍ താമസിക്കുന്നത് സാത്താനെ സഹായിക്കുവാന്‍ വേണ്ടി മാത്രമാണെന്ന്’ അവളോടു പറഞ്ഞു. ഈ അഭിപ്രായം അവളുടെ ആത്മീയ ജാടകള്‍ക്കുമേലുള്ള ഒരടിയായി മാറി. അതിശയോക്തി കലര്‍ന്ന ഭക്തിയോടു കൂടി അവള് സ്വയം നവീകരണത്തിനു വിധേയയാവുവാന്‍ തീരുമാനിച്ചു.
അവള് ദൈവത്തിങ്കലേക്കു വലിയൊരു കാല്‍വെയ്പ് നടത്തിയെങ്കിലും, കുറച്ചു നാള് കഴിഞ്ഞപ്പോള്‍ വീണ്ടും തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നു. അവള് പിന്നെയും രോഗബാധിതയായി, ഇത്തവണ കുറച്ചു ഗൗരവമായിരുന്നു അവളുടെ രോഗാവസ്ഥ. അവള് പിന്നെയും നവീകരണത്തിന് വിധേയയാവുകയും, ദൈവം ആഗ്രഹിച്ച തരത്തിലുള്ള ഒരു ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്തു. ക്ഷമയുടേയും, അനുതാപത്തിന്റേയും, പ്രാര്‍ത്ഥനയുടേയും, വിശ്രമമില്ലാത്ത നല്ല പ്രവര്‍ത്തികളുടേയും, മാധുര്യത്തിന്റേയും, വിശാലമനസ്കതയുടേയും ഒരു മാതൃകയായി മാറി വിശുദ്ധ. ആ സമയം മുതല്‍ കഠിനമായ അച്ചടക്കത്തിന്റേയും, നിരന്തരമായ ഉപവാസത്തിന്റെയും, ഉറക്കമൊഴിച്ചുള്ള നീണ്ട പ്രാര്‍ത്ഥനകളുടേയുമായ ഒരു ജീവിതത്തിനായി അവള് സ്വയം സമര്‍പ്പിച്ചു.
വിശുദ്ധയുടെ വിശ്വാസം ഇപ്പോഴും ജീവിച്ചിരിക്കുന്നതാണ്, ജിവിതത്തിലെ വളവും തിരിവും നിറഞ്ഞ പാത സ്വീകരിക്കേണ്ടിവന്നപ്പോള്‍ ധൈര്യസമേതം അവള് അതിനെ പിന്തുടര്ന്നു. 1640 ജനുവരി 30ന് വിശുദ്ധ ഹയസിന്താ ദൈവസന്നിധിയിലേക്ക് യാത്രയായി. 1807-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.