മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും എവര്‍ട്ടണും തമ്മിലുള്ള മത്സരം ആരംഭിച്ച് കുറച്ചു നിമിഷം പിന്നിട്ടതെ ഉണ്ടായിരുന്നുള്ളു. എവര്‍ട്ടണ്‍ മിഡ്ഫീല്‍ഡര്‍ ഇദ്രിസ ഗ്യൂയിയെ സഹതാരം മൈക്കല്‍ കീനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നു.
പെട്ടന്ന് അത് കൈയ്യാങ്കളിയിലേക്ക് എത്തുന്നു. ഇതിനിടെ ഇദ്രിസ ഗ്യൂയിയെ മൈക്കല്‍ കീനിനെ മുഖത്തടിച്ചുവെന്ന് റഫറി കണ്ടെത്തി. മറ്റൊന്നും നോക്കിയില്ല റഫറി ടോണി ഹാറിങ്ടണ്‍ നേരിട്ട് റെഡ് കാര്‍ഡ് എടുത്തു ഇദ്രിസക്ക് നേരെ കാണിച്ചു. കമന്റേറ്റര്‍മാരും കാണികളും ഞെട്ടിയ നിമിഷമായിരുന്നു അത്.
സ്വന്തം ടീമിലെ കളിക്കാര്‍ തന്നെ അച്ചടക്കം ലംഘിച്ച് നടപടിക്ക് വിധേയമായിരിക്കുന്നു. മത്സരം തുടങ്ങി വെറും പതിമൂന്ന് മിനിറ്റ് പിന്നിടുന്നതിനിടയില്‍ തന്നെ എവര്‍ട്ടണ് ഒരു മിഡ്ഫീല്‍ഡറെ നഷ്ടമായി. പെനാല്‍റ്റി ഏരിയയ്ക്കുള്ളില്‍ മൈക്കല്‍ കീനിന് നല്‍കിയ പാസുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും തര്‍ക്കിച്ചത്.














