ലഹരി ആരും കുത്തിക്കേറ്റിത്തരില്ല;പക്ഷെ

Array

Date:

….

അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS,

സിനിമയില്‍ ഒരു വലിയ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാന്‍ മകന് അവസരം ലഭിച്ചിട്ടും സിനിമാമേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം മൂലം മകനെ സിനിമയിലേക്ക് വിട്ടില്ല എന്ന നടന്‍ ടിനി ടോമിന്റെ പ്രതികരണത്തെ തള്ളി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു; “ഒരുത്തന്‍ നശിക്കണമെന്ന് തീരുമാനിച്ചാല്‍ നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് അവന് ബോധ്യമുണ്ടെങ്കില്‍ അവന്‍ ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റിത്തരില്ല. ബോധമുള്ള ഒരുത്തനാണെങ്കില്‍ അവന്‍ ഉപയോഗിക്കില്ല”. കേള്‍ക്കുമ്പോള്‍ ധ്യാന്‍ പറഞ്ഞത് ശരിയല്ലേ എന്ന് തോന്നും, പക്ഷെ ലഹരിയുടെ കാര്യത്തില്‍ ഈ ധാരണ ശരിയായിക്കൊള്ളണമെന്നില്ല.
കഴിഞ്ഞവര്‍ഷം എക്‌സൈസ് വകുപ്പ് ഒരു സര്‍വേ നടത്തി. മയക്കുമരുന്നുമായി പിടിയിലായ 800 കുട്ടികള്‍ ക്കിടയിലായിരുന്നു സര്‍വേ. കൂട്ടുകാരുടെ സമ്മര്‍ദ്ദംകൊണ്ടാണ് ലഹരി ഉപയോഗിച്ചുതുടങ്ങിയതെന്നായിരുന്നു സര്‍വേയില്‍ പങ്കെടുത്ത കൂടുതല്‍ പേരുടെയും വെളിപ്പെടുത്തല്‍. ഉപയോഗിച്ചുനോക്കാനുള്ള ആകാംക്ഷ കൊണ്ടും വീടുകളിലെ പ്രശ്‌നങ്ങള്‍കൊണ്ടും മാത്രം ലഹരിക്ക് അടിമകളാകുന്നവര്‍ ഇതിലും കുറവാണ്. ലഹരി ഉപയോഗിക്കുന്ന നെഗറ്റീവ് ഹീറോകളോട് കുട്ടികള്‍ക്ക് ആരാധന തോന്നാം. പിയര്‍ ഗ്രൂപ്പിന്റെ പ്രേരണയാല്‍ ലഹരിക്ക് അടിമകളാകുന്നവരാണ് 70 ശതമാനവും. തെറ്റ് ചെയ്യുന്നയാളിന് മറ്റൊരാളെ കൂട്ടിനുകിട്ടിയാല്‍ വലിയ സന്തോഷവും സമാധാനവുമാണ്. ‘ആണായാല്‍ അല്പം ലഹരിയാവാം, ഒരിക്കല്‍ ഉപയോഗിച്ചുനോക്കി എന്നുവച്ച് എന്ത് വരാനാ?, നിന്നെയൊക്കെ എന്തിനുകൊള്ളാം, മീശമുളക്കാത്ത പയ്യന്‍, നിനക്ക് അച്ഛനെ പേടിയാണോ, നീ പെണ്‍പിള്ളേരേക്കാള്‍ കഷ്ടമാണല്ലോ, ഓ ഒരു പുണ്യാളന്‍ വന്നിരിക്കുന്നു, ഒരിക്കല്‍ മരിക്കണം എന്നാല്‍ പിന്നെ സുഖിച്ച് മരിച്ചൂടേ” എന്നീ പ്രലോഭനങ്ങള്‍ ആപത്തില്‍ ചാടിക്കും.
കുട്ടിക്കാലത്തില്‍ നിന്ന് യൗവ്വനത്തിലേക്കുള്ള മാറ്റത്തിന്റെ കാലഘട്ടമാണ് കൗമാരം. പരിവര്‍ത്തനത്തിന്റെ ആ കാലഘട്ടത്തില്‍ ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങള്‍ കാരണം കൗമാരക്കാര്‍ പലതരം പ്രലോഭനങ്ങള്‍ക്കും വിധേയരാകുന്നു. റിസ്‌ക് എടുക്കുന്ന സ്വഭാവം, നിയന്ത്രണമില്ലാതെ എടുത്തുചാടിയുള്ള പെരുമാറ്റം, ചെയ്യരുത് എന്ന് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളിലേക്കുള്ള ആകര്‍ഷണം, എന്തും പരീക്ഷിച്ചറിയാനുള്ള ആഗ്രഹം എന്നിവ ഈ കാലഘട്ടത്തിന്റെ സവിശേഷതകളാണ്. കൗമാരക്കാര്‍ക്ക് ആനന്ദം തേടാനുള്ള പ്രേരണ അമിതവും പരിണിതഫലങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള കഴിവ് കുറവും ആണ്. പുകവലി, മദ്യം, ലഹരിപദാര്‍ത്ഥം എന്നിവയോട് ചെറുത്ത് നില്‍ക്കുന്ന കാര്യത്തില്‍ അവര്‍ പ്രത്യേകിച്ചും ദുര്‍ബലരാണ്. കൗമാരപ്രായം ആന്തരിക റിവാര്‍ഡ് സിസ്റ്റങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടം ആയതിനാല്‍ ലഹരിപദാര്‍ത്ഥങ്ങള്‍ തലച്ചോറിനെ വല്ലാതെ ദോഷകരമായി ബാധിക്കും. ലഹരി ഉപയോഗിച്ചതിനുശേഷം സാധാരണ നിലയിലേക്കു മടങ്ങാനുള്ള കഴിവ് ഉണ്ടായിരിക്കില്ല. ഇത് മുതിര്‍ന്നവരെക്കാള്‍ കൗമാരക്കാരെ അഡിക്ഷനിലേക്ക് നയിക്കും.
മനുഷ്യമസ്തിഷ്‌കം ന്യൂറോണുകള്‍ എന്നറിയപ്പെടുന്ന കോശങ്ങളാല്‍ നിര്‍മിതമാണ്. ഒരു വ്യക്തിയുടെ മസ്തിഷ്‌കത്തിലേക്ക് വരുന്ന സന്ദേശങ്ങള്‍ക്ക് ഒരുതരം ആവരണമായി പ്രവര്‍ത്തിക്കുന്ന ‘മൈലിന്‍’ എന്ന പദാര്‍ത്ഥമാണ് ഈ സെല്ലുകളെ പരിരക്ഷിക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതനുസരിച്ചാണ് മസ്തിഷ്‌ക സന്ദേശങ്ങള്‍ കൂടുതല്‍ ആവരണം ചെയ്യപ്പെടുന്നത്. കൗമാരക്കാരില്‍ മൈലിന്റെ സംരക്ഷണ സവിശേഷതകള്‍ പൂര്‍ണമായി വികാസം പ്രാപിച്ചിട്ടുണ്ടാവില്ല. അതിനാല്‍ കൗമാരക്കാര്‍ക്ക് ആനന്ദം അനുഭവപ്പെടുമ്പോള്‍ മുതിര്‍ന്ന വരുടെ തലച്ചോറിനേക്കാള്‍ അവരുടെ തലച്ചോറില്‍ സന്ദേശ സംവേദനം കൂടുതല്‍ തീവ്രമായിരിക്കും. വികാരങ്ങള്‍ വളരെ തീവ്രമായി അനുഭവപ്പെടുന്നു. തലച്ചോറിന്റെ റിവാര്‍ഡ് സിസ്റ്റങ്ങള്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കും. ഒരിക്കല്‍ ലഹരിപദാര്‍ത്ഥം ഉപയോഗിച്ചാല്‍ വീണ്ടും ദുരുപയോഗിക്കാനുള്ള പ്രേരണ കൂടുതലായി അനുഭവപ്പെടും. മാത്രവുമല്ല, തലച്ചോറിലെ പ്രീഫോണ്ടല്‍ കോര്‍ട്ടക്‌സ് കൗമാരകാലഘട്ടത്തില്‍ പൂര്‍ണവളര്‍ച്ചയില്‍ എത്താത്തതിനാല്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള വിവേചനാശക്തി, വികാരങ്ങളെ നിയന്ത്രിക്കല്‍, പ്ലാനിംഗ്, യുക്തിഭദ്രത, പ്രശ്‌നപരിഹാരം എന്നിവ കൈകാര്യചെയ്യാനുള്ള കഴിവ് കുറവായിരിക്കും. ചുരുക്കത്തില്‍ തലച്ചോറിന്റെ വളര്‍ച്ച പൂര്‍ത്തിയാകാത്ത കൗമാര കാലഘട്ടത്തില്‍ ലഹരിയുടെ വഴിയിലേക്ക് പോകാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നതാണ് അഭികാമ്യം.
സ്വഭാവവൈകല്യങ്ങളൊന്നുമില്ലാത്ത കുട്ടികള്‍ ചില കൂട്ടുകെട്ടുകളില്‍ പെടുമ്പോള്‍ കൂട്ടുകാരുടെ കളിയാക്കലില്‍ നിന്ന് രക്ഷനേടാനും അവരുടെ മുന്നില്‍ അംഗീകരിക്കപ്പെടാനും വേണ്ടി മദ്യവും ലഹരി പദാര്‍ത്ഥങ്ങളും പുകവലിയും പോലുള്ള സംഗതികളില്‍ ഏര്‍പ്പെടുകയും പിന്നീട് അതിന് ആശ്രിതരാകുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ഒരു വ്യക്തിയുടെ സാമൂഹിക വലയത്തില്‍ ഉള്ള ലഹരിപദാര്‍ത്ഥ ഉപയോഗവും ലഭ്യതയും അഡിക്ഷനില്‍ ആകാനുള്ള സാധ്യതകളെ സ്വാധീനിക്കും. സംവിധായകനും തിരക്കഥാകൃത്തും നടനും ഒന്നിച്ച് ലഹരി ഉപയോഗിക്കുന്നു എന്ന് പറയപ്പെടുന്ന സിനിമാലോകത്ത് മക്കളെ പറഞ്ഞു വിടുമ്പോള്‍ ഏതൊരു അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന ആശങ്കയാണ് ടിനിം ടോം പങ്കുവച്ചത്.
സുഹൃത്തുക്കളുടെ പ്രലോഭനം മാത്രമല്ല, കൗതുകം, അനുകരണവാസന, അവഗണന, അംഗീകാരമോഹം മാധ്യമസ്വാധീനം, ജനിതകഘടന, ജീവിതസാഹചര്യങ്ങള്‍, വൈയക്തിക പ്രകൃതം തുടങ്ങി നിരവധി ഘടകങ്ങള്‍ ലഹരിയിലേക്ക് നീങ്ങാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നുണ്ട്. ബുദ്ധിപരമായി പിന്നോക്കം നില്‍ക്കുന്നവര്‍, പഠന വൈകല്യമുള്ളവര്‍, മാനസിക രോഗമുള്ളവര്‍, കുടുംബത്തില്‍ മദ്യപാന രോഗമുള്ളവര്‍, വ്യക്തിത്വ വൈകല്യമുള്ളവര്‍, കുട്ടിക്കാലകൗമാര പ്രശ്‌നമുള്ളവര്‍, തകര്‍ന്ന കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍, താളപ്പിഴ യുള്ള മാതാപിതാക്കളുടെ മക്കള്‍, ബാല്യത്തില്‍ സ്‌നേഹം അനുഭവിച്ച് വളരാത്തവര്‍ എന്നിങ്ങനെയുള്ള പശ്ചാത്തലത്തിലുള്ളവര്‍ ലഹരിയുടെ വഴി തെരഞ്ഞെടുക്കാന്‍ ഇടയുണ്ട്. നടന്‍ ധ്യാന്‍ പറഞ്ഞതുപോലെ ഇച്ഛാശക്തികൊണ്ടുമാത്രം ലഹരിയെ അതിജീവിക്കാന്‍ സാധിച്ചു എന്നുവരില്ല. എങ്കിലും ധ്യാന്‍ പറഞ്ഞതിലും കാര്യമില്ലാതില്ല. ലഹരിക്കെതിരായ ബോധ്യവബോധം ചെറുപ്പത്തിലേ കുട്ടികളില്‍ രൂപപ്പെടുത്തിയാല്‍ ഒരു പരിധിവരെ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്ക് കഴിയും.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...