പാലാ: ക്രൈസ്തവ സഭകളെ പ്രധാനമായും ബാധിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി എപ്പിസ്കോപ്പൽ സഭകളുടെ പ്രതിനിധി യോഗം പാലാ ബിഷപ്‌സ് ഹൗസിൽ ആരംഭിച്ചു.
സീറോ മലബാർ സഭയുടെ വിദ്യാഭ്യാസ-എക്യുമെനിക്കൽ കമ്മീഷനുകളുടെ ആഭിമുഖ്യത്തിലാണ് യോഗം. കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മെത്രാന്റെ അധ്യക്ഷതയിലാണ് ചർച്ചകൾ നടക്കുന്നത്.
മുഖ്യസ്ഥാനീയനായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
വിവിധ സഭകളിൽ നിന്നുള്ള ഒൻപത് മെത്രാന്മാരും, വിവിധ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസികളുടെ സെക്രട്ടറിമാർ, കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, വൈദിക, അൽമായ പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസം, സഭൈക്യം എന്നീ വിഷയങ്ങളിൽ വിവിധ സഭകൾക്കുള്ള ചുമതലകൾ നിർവഹിക്കുന്നവരാണ് പ്രതിനിധികളായി എത്തിച്ചേർന്നിരിക്കുന്നത്.