പാലാ: വിദ്യാഭ്യാസം മനുഷ്യനിലെ ഏറ്റവും മഹത്തരമായ ഗുണങ്ങളെ പുറത്തുകൊണ്ടുവരുവാൻ ഉതകുന്നതാവണം എന്ന് ദയാബായി അഭിപ്രായപ്പെട്ടു. അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 29,30 തീയതികളിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദയാബായി. അവകാശങ്ങളെ തിരിച്ചറിയുവാനും അവയ്ക്ക് വേണ്ടി പോരാടാനും മനുഷ്യരെ പ്രാപ്തരാക്കുന്നത് ശരിയായ വിദ്യാഭ്യാസമാണ്.
ഈ വിദ്യാഭ്യാസം കേവലം അറിവ് നേടൽ അല്ല,സമൂഹനിർമ്മിതിക്ക് വേണ്ടി തന്നാലാവും വിധം സംഭാവനകൾ നൽകുന്ന പൗരന്മാരെ വാർത്തെടുക്കുന്ന ഒരു പ്രക്രിയ കൂടിയാണ്. ജീവിക്കുക എന്നാൽ താൻ ആയിരിക്കുന്ന സാമൂഹിക വ്യവസ്ഥകളെ തിരിച്ചറിയൽ ആണ് എന്ന് ദയാബായി പ്രത്യേകം ഓർമ്മിപ്പിച്ചു. ഓരോ വ്യക്തിയിലും അന്തർലീനമായിരിക്കുന്ന അഭിനിവേശങ്ങളെ ഏത് പ്രതിസന്ധികൾക്ക് നടുവിലും തിരിച്ചറിഞ്ഞു വളർത്തിയെടുത്തു കൊണ്ടുവരുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട് എന്ന് സ്വന്തം ജീവിതാനുഭവങ്ങളെ ഉദാഹരിച്ചുകൊണ്ട് ദയാബായി വിദ്യാർഥിനികളെ ഉദ്ബോധിപ്പിച്ചു. സാങ്കേതികവിദ്യയിലൂടെയും നവമാധ്യമങ്ങളിലൂടെയും സാമൂഹിക പ്രവർത്തനങ്ങൾക്ക് സാധ്യതകൾ ഉണ്ടെന്നിരിക്കലും പ്രകൃതിയിൽ നിന്നും മണ്ണിൽ നിന്നും അപരനിലേക്കുള്ള ഒരു വളർച്ചയ്ക്ക് മാത്രമേ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കൂടി ശബ്ദമായി മാറാൻ നമ്മെ പ്രാപ്തരാക്കുകയുള്ളു.
ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ അവകാശലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തുവാൻ വിദ്യാഭ്യാസം നമ്മെ പ്രാപ്തരാക്കുന്നില്ലെങ്കിൽ സ്വേച്ഛാധിപത്യത്തിന്റെ ഇരുണ്ട ഇന്നലെകളെ വീണ്ടും ക്ഷണിച്ചു വരുത്തുകയായിരിക്കും നാം ചെയ്യുക എന്ന് ദയാബായി മുന്നറിയിപ്പു നൽകി. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ
ജീവിതത്തെ തുറന്നു കാണിക്കുന്ന ഏകാംഗ നാടകം ദയാബായി വേദിയിൽ അവതരിപ്പിച്ചത് കാണികളുടെ നിറഞ്ഞ കൈയ്യടി നേടി. വിദ്യാർത്ഥിനികളുടെ നിറഞ്ഞ പങ്കാളിത്തത്തെ ദയാബായി അഭിനന്ദിച്ചു. തങ്ങൾ കാണുന്ന ജീവിതവും യഥാർത്ഥ ജീവിതവും തമ്മിലുള്ള അന്തരം മനസ്സിലാക്കുവാനുള്ള വേദിയായി ഈ അവസരം.
പാർശ്വവൽക്കരിക്കപ്പെട്ട ശബ്ദങ്ങളും കീഴാള ചരിത്രത്തിൻ്റെ വീണ്ടെടുപ്പും എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ അരികുവത്കരിക്കപ്പെട്ട വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതപഥങ്ങളെ അടയാളപ്പെടുത്തുന്നു. സെമിനാറിൻ്റെ ഉദ്ഘാടന സമ്മേളനം 29 ന് രാവിലെ 9:30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിസ്റ്റർ മിനിമോൾ മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹികപ്രവർത്തക ദയാബായി മുഖ്യാതിഥിയായിരുന്നു. വൈസ് പ്രിൻസിപ്പൽമാരായ ഡോ സി. മഞ്ജു എലിസബത്ത് കുരുവിള , മിസ് മഞ്ജു ജോസ്, ബർസാർ റവ ഫാ . കുര്യാക്കോസ് വെള്ളച്ചാലിൽ , ഇംഗ്ലീഷ് വിഭാഗം അദ്ധ്യക്ഷ ഡോ സോണിയാ സെബാസ്റ്റ്യൻ, ദേശീയ സെമിനാർ കൺവീനർ ആഷ്ലി തോമസ്, കോ കൺവീനർ അശ്വതി എൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും ഉദ്ഘാടന സമ്മേളനത്തിലും ഉച്ചകഴിഞ്ഞ് കോളേജ് മൾട്ടിമീഡിയ ഹാളിൽ വച്ചുനടന്ന അവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളസിനിമ പ്രദർശനത്തിലും സംവിധായകൻ ശ്രീ വരുണിനോടൊപ്പം പങ്കെടുത്തു. പല വേദികളിലായി അമ്പതോളം അധ്യാപകരും വിദ്യാർത്ഥികളും ഗവേഷണ വിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.സെമിനാർ നാളെ സമാപിക്കും.













